ad
Deshabhimani

print edition വീണ്ടും വലച്ച്‌ 
എൻടിഎ

national testing agency

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

ന്യൂ‍ഡൽഹി: വിദ്യാർഥികളെ വീണ്ടും പ്രതിസന്ധിയിലേക്ക്‌ തള്ളിവിട്ട്‌ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി(എൻടിഎ). അഖിലേന്ത്യാ ആയുഷ്‌ പിജി പ്രവേശന പരീക്ഷ (എഐപിജിഇടി) എഴുതിയ വിദ്യാർഥികളാണ്‌ എൻടിഎയുടെ പുതിയ ഇര. ജയ്‌പുരിലെ ശ്രീസത്യസായ്‌ പി ജി കോളേജിലെത്തിയ 49 വിദ്യാർഥികൾക്ക്‌ വൈദ്യുതി തടസ്സപ്പെട്ടതുമൂ‍ലം പരീക്ഷ പൂ‍ർത്തിയാക്കാനായില്ല. ഇ‍ൗ വിദ്യാർഥികൾക്കായി സെപ്‌തംബർ ഒന്നിന്‌ പുനഃപരീക്ഷ നടത്തും.ആകെ 192 വിദ്യാർഥികളാണ്‌ ഇ‍‍ൗ കേന്ദ്രത്തിൽ പരീക്ഷയ്‌ക്കെത്തിയത്‌.


പരീക്ഷ മുടങ്ങിയതിൽ ഖേദം പ്രകടിപ്പിച്ച എൻടിഎ, നടത്തിപ്പ്‌ ചുമതലയുണ്ടായിരുന്ന എം/എസ്‌ എഡുക്വിറ്റി കരിയർ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡിനെ പഴിചാരി തടിയൂരാനുള്ള ശ്രമം തുടങ്ങി. കരാർകമ്പനിക്ക് നോട്ടീസ് അയച്ചെന്നും മറുപടി നൽകുംവരെ കരാർ സസ്‌പെൻഡ്‌ ചെയ്തുവെന്നും അറിയിച്ചു.


രാജ്യമാകെ 205 കേന്ദ്രങ്ങളിൽ ആകെ 49,867 വിദ്യാർഥികളാണ്‌ ശനിയാഴ്‌ച പരീക്ഷയെഴുതിയത്‌. പാരമ്പര്യ വൈദ്യശാസ്ത്രത്തിലും ഹോമിയോപ്പതിയിലുമുള്ള എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പരീക്ഷയാണ് എഐപിജിഇടി.


എൻടിഎയുടെ കീഴിലുള്ള പരീക്ഷകളെല്ലാം സ്വകാര്യ ഏജൻസികളാണ്‌ നടത്തുന്നത്‌. ഇ‍ൗ പരീക്ഷകളിൽ സാങ്കേതിക തകരാറും വൈദ്യുതി തടസ്സങ്ങളുമുണ്ടാകുന്നത്‌ പതിവാണ്‌. വീഴ്‌ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home