ബദ്‍രീനാഥിലും കേദാര്‍നാഥിലും ഇനി മുതല്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ല, നടപടി വരുന്ന തീര്‍ഥാടന സീസൺ മുതല്‍

ബദ്‍രീനാഥ്, കേദാര്‍നാഥ് ക്ഷേത്രം
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ പ്രമുഖ ആരാധനാലയങ്ങളായ ബദ്‍രീനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളില്‍ ഈ വര്‍ഷം മുതല്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്. 47 ക്ഷേത്രങ്ങളിലാണ് പ്രവേശനം നിരോധിക്കുകയെന്ന് ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന ക്ഷേത്ര കമ്മിറ്റിയുടെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പ്രസിഡന്‍റ് ഹേമന്ത് ദ്വിവേദിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നിര്‍ദേശത്തിന് ഏകകണ്ഠമായി അംഗീകാരം ലഭിക്കുകയായിരുന്നു. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന തീര്‍ഥാടന സീസൺ മുതലാണ് നിര്‍ദേശം നടപ്പാക്കുകയെന്ന് ഹേമന്ത് ദ്വിവേദി പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം, അഹിന്ദുക്കള്‍ക്ക് ക്ഷേത്ര സമുച്ചയങ്ങളിലോ ശ്രീകോവിലിലോ കയറാന്‍ അനുവാദമുണ്ടാകില്ല. ആദി ശങ്കരാചാര്യയുടെ കാലം മുതല്‍ ഈ നിയന്ത്രണം നിലവിലുണ്ടെന്നും മതപരമായ സ്ഥലങ്ങളുടെ നടത്തിപ്പിന് ഇത്തരം കാര്യങ്ങള്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഹേമന്ത് ദ്വിവേദി വ്യക്തമാക്കി.
'ബദ്‍രീനാഥും കേദാര്‍നാഥും വിനോദസഞ്ചാര കേന്ദ്രങ്ങളല്ല, ആരാധനാലയങ്ങളാണ്. ആദി ശങ്കരാചാര്യ സ്ഥാപിച്ച വേദ കേന്ദ്രങ്ങളാണിവ. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്', ഹേമന്ത് ദ്വിവേദി പറഞ്ഞു. ബദ്‍രീനാഥ് ധാം ഏപ്രില്‍ 23 നും കേദാര്‍നാഥ് ധാം ഏപ്രില്‍ 22നുമാണ് തുറക്കുന്നത്.










0 comments