ad
Deshabhimani

നോയിഡ: കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി തൊഴിലാളി അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ

Noida protest

വേതന വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ നടത്തിയ പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികൾ. (Photo Credit - REUTERS/Anushree Fadnavis)

വെബ് ഡെസ്ക്

Published on Apr 22, 2026, 08:49 PM | 2 min read

ന്യൂഡൽഹി : നോയിഡയിലെ വ്യവസായ മേഖലയിൽ നടന്നുവരുന്ന ഫാക്ടറി തൊഴിലാളികളുടെ പ്രതിഷേധം അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തൊഴിൽ സമരങ്ങളിലൊന്നാണ്. കല്ലേറ്, പോലീസ് ബാരിക്കേഡുകൾ തകർക്കാനുള്ള ശ്രമം, പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജ് തുടങ്ങി അക്രമാസക്തമായ സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ഫരീദാബാദ്, ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളിലെ പ്രതിഷേധങ്ങളെത്തുടർന്ന് ഹരിയാന സർക്കാർ തൊഴിലാളികളുടെ വേതനം 35% വർധിപ്പിച്ചിരുന്നു. ഇതോടെ തങ്ങളുടെ ശമ്പളം താരതമ്യേന കുറവാണെന്ന് നോയിഡയിലെ തൊഴിലാളികൾ തിരിച്ചറിഞ്ഞു. പാചകവാതക വിതരണത്തിലുണ്ടായ കുറവ് ജീവിതച്ചെലവ് വർധിപ്പിച്ചതും ഈ സാഹചര്യത്തെ കൂടുതൽ വഷളാക്കി.


തൊഴിലാളി യൂണിയനുകൾ പ്രതിമാസം 18,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച 21 ശതമാനത്തിന്റെ ഇടക്കാല വർധനവ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. ശമ്പള വർധനവിന് പുറമെ നിശ്ചിത ജോലി സമയം, അവധി ദിവസങ്ങൾ, ഓവർടൈം വേതനം എന്നിവയും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.


2025 അവസാനത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ലേബർ കോഡുകൾ പ്രതിദിനം 12 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി നൽകുന്നതാണ്. ഈ നിയമം വേതനത്തിന്റെ അടിസ്ഥാന പരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും, യഥാർഥ വേതനം എത്രയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ് വിട്ടുനൽകിയിരിക്കുന്നത്. ഇതാണ് നിലവിൽ നോയിഡയിലെ തൊഴിലാളികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി.


തൊഴിലുടമകൾക്ക് നിയമപരമായ അവകാശം നൽതുന്ന പുതിയ ലേബർ കോഡുകളുടെ മറവിൽ രാജ്യത്തെ തൊഴിൽ മേഖലയിൽ ചൂഷണം കടുക്കുകയാണ്. കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ ഈ നിയമത്തിലൂടെ സാധിക്കും. ഇതോടെെ രാജ്യത്തെ ഔദ്യോഗിക നിർമാണ മേഖലയിലെ കരാർ തൊഴിലാളികളുടെ വിഹിതം 1997-98ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി.


തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്ത് കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ സർക്കാർ വഴിയൊരുക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം കരാർ തൊഴിലാളികളെത്തന്നെ നിലനിർത്താൻ പ്രേരിപ്പിക്കുന്ന വ്യവസ്ഥകളാണ് പുതിയ ലേബർ കോഡിലുള്ളത്. ഒപ്പം തൊഴിലാളികളുടെ പണിമുടക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഇതിനൊപ്പം ഊർജ പ്രതിസന്ധിയും വർധിച്ചുവരുന്ന ഭക്ഷണസാധനങ്ങളുടെ വിലയുമാണ് പ്രതിഷേധങ്ങൾ ഇത്രത്തോളം ശക്തമായതിന് കാരണം.


രാജ്യത്തെ പൊതുമേഖലാ - സ്വകാര്യ വ്യവസായ ശാലകളിൽ തൊഴിലാളി രോഷം അണപൊട്ടുകയാണ്. ശ്രീപെരുമ്പത്തൂരിലെ സാംസങ് പ്ലാന്റ് മുതൽ പാനിപ്പത്തിലെ ഐഒസിഎൽ റിഫൈനറി വരെ നീളുന്ന സമരങ്ങൾ പുതിയ ലേബർ കോഡ് ഉയർത്തുന്ന ഭീഷണിയുടെ നേർചിത്രമാണ്. എട്ട് മണിക്കൂർ ജോലി, ന്യായമായ വേതനം, ഓവർടൈം അലവൻസ്, യൂണിയൻ അംഗീകാരം തുടങ്ങിയ മൗലികാവകാശങ്ങൾക്കായി പത്രതുവിലെ എൻടിപിസി പ്ലാന്റിലും റായ്‌പൂരിലെ അദാനി പ്ലാന്റിലും തൊഴിലാളികൾ ഐതിഹാസികമായ പോരാട്ടത്തിലാണ്.


നിയമങ്ങൾ വഴി തൊഴിലാളികളെ സംരക്ഷിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം വെറും 'പാഴ്വാക്ക് മാത്രമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. ന്യായമായ ആവശ്യങ്ങളെ ഗൂഢാലോചന എന്ന് മുദ്രകുത്തിയ യോഗി ആദിത്യനാഥിന്റെ നിലപാടും പേരിന് മാത്രമുള്ള ഇടക്കാല വേതന വർധനവും തൊഴിലാളികൾ ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധത എടുത്തുകാണിക്കുന്നതാണ്. കോർപ്പറേറ്റുകളെ സഹായിക്കാനുള്ള സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയാണ്.


തന്റെ മാസവരുമാനത്തിന്റെ ആറിലൊന്ന് പാചക ആവശ്യങ്ങൾക്കായി മാത്രം ചെലവാക്കേണ്ടി വരുന്ന ഒരു തൊഴിലാളിക്ക് തന്റെ ശമ്പളം ഒന്നിനും തികയില്ല എന്ന് മനസിലാക്കാൻ സാമാന്യബോധം മതി. കൂടാതെ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഗാർഹിക തൊഴിലാളികളുടെ ചിത്രങ്ങൾ ഗേറ്റുകളിൽ പ്രദർശിപ്പിച്ചുകൊണ്ട് അവരെ വിലക്കിയ റെസിഡൻഷ്യൽ സൊസൈറ്റികളുടെ നടപടി ഗുരുതരമായ പൗരാവകാശ ലംഘനമാണ്. എന്നിട്ടും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ പ്രതികരിച്ചിട്ടില്ല.


2015ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് വിളിച്ചുകൂട്ടിയിട്ടില്ല. ഇത്തരം ചർച്ചകൾ സാധ്യമാക്കുമായിരുന്ന ത്രികക്ഷി ചർച്ചകൾ നടത്താതെയാണ് പുതിയ ലേബർ കോഡുകൾ പാസാക്കിയത്. ചുരുക്കത്തിൽ ഈ പ്രക്ഷോഭങ്ങൾക്കുള്ള പരിഹാരം ലളിതമാണ്, മാനുഷിക പരിഗണനയോടെ പ്രവൃത്തിസമയവും വേതനവും നടപ്പിലാക്കുക. ഒപ്പം കൃത്യമായി നടപ്പിലാക്കാൻ കഴിയുന്ന യുക്തിസ​ഹമായ തൊഴിൽ പരിഷ്കാരങ്ങൾ കൊണ്ടുവരിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home