Deshabhimani

ടാറ്റയിൽ ഭിന്നത രൂക്ഷം; 6 കമ്പനികളുടെ ബോർഡുകൾ വിടാൻ നോയൽ ടാറ്റ

Noel Tata
വെബ് ഡെസ്ക്

Published on Oct 28, 2026, 05:40 PM | 1 min read

മുംബൈ : ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ നിന്ന് പടിയിറങ്ങുമെന്ന് വ്യക്തമാക്കി ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ. ‌‌നവംബർ 12 ന് ആറ് ബോർഡുകളിലെ സ്ഥാനമൊഴിയും. എന്നാൽ, ടാറ്റ സൺസിന്റെ ബോർഡിൽ ടാറ്റ ട്രസ്റ്റിന്റെ നോമിനി ഡയറക്ടറായി അദ്ദേഹം തുടരും.


ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ, ട്രെന്റ് ഹൈപ്പർമാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും ദുബായിലെ ടാറ്റ ഇന്റർനാഷണൽ വെസ്റ്റ് ഏഷ്യ ഡിഎംസിസി എന്നീ കമ്പനികളുടെ നോൺ-എക്സിക്യൂട്ടീവ് ചെയർമാനാണ് നോയൽ ടാറ്റ. ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനിയുടെ നോൺ-എക്സിക്യൂട്ടീവ് വൈസ് ചെയർമാനും, സംയുക്ത സംരംഭമായ ഇൻഡിടെക്സ് ട്രെന്റ് റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും കൂടിയാണ് അദ്ദേഹം.


ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് നോയൽ ടാറ്റയുടെ പുതിയ തിരുമാനം. ടാറ്റാ ​ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നിർണായകമായ സമയത്താണ് ഈ സുപ്രധാന മാറ്റം. ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ടാറ്റ ട്രസ്റ്റ്. അതായത് ടാറ്റാ ​ഗ്രൂപ്പിന്റെ ഏറ്റവും സ്വാധീനമുള്ള സ്ഥാനങ്ങളിലൊന്നാണ് നോയൽ ടാറ്റ വഹിക്കുന്നത്.


ടാറ്റ ഗ്രൂപ്പിന്റെ നിയമവ്യവസ്ഥകൾ പ്രകാരം, എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 65 വയസും, നോൺ-എക്സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്ടർമാർക്ക് 70 വയസുമാണ് വിരമിക്കാൽ പ്രായം. അതേസമയം, സ്വതന്ത്ര ഡയറക്ടർമാർക്ക് പ്രത്യേക വിരമിക്കൽ പ്രായപരിധി ബാധകമാണ്.


സെപ്റ്റംബർ 17ന് നടന്ന യോഗത്തിൽ, 2027 ഫെബ്രുവരി 21 മുതൽ അഞ്ച് വർഷത്തേക്ക് കൂടി എൻ ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് ടാറ്റ സൺസ് ബോർഡ് അംഗീകാരം നൽകിയിരുന്നു. നോയിൽ ടാറ്റയുടെ എതിർപ്പ് അവഗണിച്ചായിരുന്ന ഈ തീരുമാനം. ടാറ്റ ട്രസ്റ്റുകൾ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ പിന്തുണ ആവശ്യമുണ്ടെന്ന് വ്യവസ്ഥകളിരിക്കെയായിരുന്നു നടപടി. ടാറ്റ സൺസ് ബോർഡ് ട്രസ്റ്റ് നോമിനേറ്റ് ചെയ്ത രണ്ട് ഡയറക്ടർമാരാണ് നോയൽ ടാറ്റയും വേണു ശ്രീനിവാസനും. എൻ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ ശ്രീനിവാസൻ പിന്തുണച്ചപ്പോൾ, നോയൽ ടാറ്റ അതിനെ എതിർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home