ബംഗളൂരുവിൽ മനുഷ്യചങ്ങല നടത്തുമെന്ന് 'കോക്രോച്ച് ജനതാ പാർടി'; അനുമതിയില്ലാതെ ഒത്തുകൂടരുതെന്ന് മുന്നറിയിപ്പ്

കോക്രോച്ച് ജനതാ പാര്‍ടി
ബംഗളൂരു: മെയ് 24 ന് ബംഗളൂരുവിൽ മനുഷ്യചങ്ങല ആഹ്വാനം ചെയ്ത് കോക്രോച്ച് ജനതാ പാർടി. ടൗണ്‍ ഹാള്‍ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാര്‍ടി കര്‍ണാടക എന്ന പേരില്‍ പ്രചരിക്കുന്ന നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്. പാറ്റകളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററില്‍ പറയുന്നു. എന്നാൽ മനുഷ്യചങ്ങല സംഘടിപ്പിക്കുന്നതിൽ പൊലീസ് മുന്നറിയിപ്പ് നൽകി.
പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർടിയോ അനുമതി തേടി ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചതോടെയാണ് സിജെപി ഡിജിറ്റൽ ലോകത്ത് വിപ്ലവം സൃഷ്ടിച്ചത്. ചുരുങ്ങിയ ദിവസംകൊണ്ട് ഇൻസ്റ്റയിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റേയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ പേജ് തുടങ്ങിയത്. അക്കൗണ്ട് പൂട്ടിച്ചതിന് പിന്നാലെ താൻ വധഭീഷണി നേരിടുന്നു എന്നും സ്ഥാപകൻ ആരോപിച്ചിരുന്നു.










0 comments