കൊൽക്കത്ത ചലച്ചിത്രമേളയിൽ ഇത്തവണയും ബംഗ്ലാദേശിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കില്ല

കൊൽക്കത്ത: 31-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (കെഐഎഫ്എഫ്) ബംഗ്ലാദേശിൽ നിന്നുള്ള ഒരു സിനിമ പോലും പ്രദർശിപ്പിക്കില്ല. നവംബർ 6 മുതൽ 13 വരെയാണ് മേള നടക്കുന്നത്. രണ്ട് വർഷമായി ബംഗ്ലാദേശിൽ നിന്നുള്ള ഒരു സിനിമ പോലും മേളയിൽ ഉൾപ്പെടുത്തുന്നില്ല.
ഇന്ത്യ, ഗ്വാട്ടിമാല, പലസ്തീൻ, തുർക്കി, സെർബിയ, ഈജിപ്ത്, ഇറാഖ്, പോളണ്ട്, ജർമ്മനി എന്നിവയുൾപ്പെടെ 39 രാജ്യങ്ങളിൽ നിന്നുള്ള 215 സിനിമകൾ വിവിധ വിഭാഗങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കും. കെഐഎഫ്എഫ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഷെഡ്യൂൾ അനുസരിച്ച് ഇത്തവണയും ബംഗ്ലാദേശിൽ നിന്നും ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ഇതിഹാസ ചലച്ചിത്രകാരൻ ഋത്വിക് ഘട്ടക്കിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മേളയിൽ അദ്ദേഹത്തിന്റെ ആറ് സിനിമകൾ പ്രദർശിപ്പിക്കും.
2024 ൽ ബംഗ്ലാദേശിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം രാജ്യത്ത് നിന്നുള്ള ഒരു സിനിമ പോലും ഫെസ്റ്റിവലിൽ ഇടംപിടിച്ചില്ല. അന്താരാഷ്ട്ര വിഭാഗത്തിനായി ബംഗ്ലാദേശിൽ നിന്ന് തൻവീർ ചൗധരിയുടെ "കഫാറ" എന്ന ചിത്രം മാത്രമാണ് പരിഗണനയ്ക്ക് വന്നതെന്നും എന്നാൽ അത് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും ജൂറി കമ്മിറ്റി അംഗം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
2022-ൽ മുഹമ്മദ് ക്വായമിന്റെ "കുറ പോക്കിർ ഷുൺയേ ഉറ" എന്ന ചിത്രം അന്താരാഷ്ട്ര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള 'ഗോൾഡൻ റോയൽ ബംഗാൾ ടൈഗർ അവാർഡ്' നേടിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സാംസ്കാരിക വിനിമയങ്ങളുണ്ടാകാൻ ഭാവിയിലെ കെഐഎഫ്എഫ് പതിപ്പുകളിൽ ബംഗ്ലാദേശി സിനിമകൾ പതിവായി പ്രദർശിപ്പിക്കണമെന്ന് അന്ന് ക്വായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം വർഷവും പട്ടികയിൽ ഒരു ചിത്രം പോലും ഉൾപ്പെടുത്തിയില്ല.










0 comments