ഡോക്ടർമാക്ക് മെഡിക്കൽ രേഖകളിൽ ഡിജിറ്റൽ സൈൻ ചെയ്യാം; പുതിയ മാർഗനിർദേശവുമായി എൻഎംസി

ന്യൂഡൽഹി : ഇനി മുതൽ ഡോക്ടർമാർക്ക് മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് ചികിത്സാരേഖകളും ഡിജിറ്റൽ ഒപ്പിലൂടെ അംഗീകരിക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. ലബോറട്ടറി, പാത്തോളജി, റേഡിയോളജി റിപ്പോർട്ടുകൾ, രോഗനിർണയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയ മെഡിക്കൽ രേഖകൾ ഇതോടെ ഡോക്ടർമാർക്ക് വിദൂരത്തിരുന്നും പരിശോധിച്ച് അംഗീകരിക്കാം. ഒക്ടോബർ 13ന് ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി.
അതേസമയം, റിപ്പോർട്ടുകൾ പരിശോധിച്ച് ഉറപ്പുവരുത്താതെ ഡിജിറ്റൽ ഒപ്പിടാൻ ഡോക്ടർമാർക്ക് അനുമതിയില്ല. ആവശ്യമായ വിവരങ്ങളും പരിശോധനാഫലങ്ങളും മറ്റ് രേഖകളും വിലയിരുത്തി സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അംഗീകാരം നൽകാനാവുകയുള്ളൂ. വിവരങ്ങളിൽ എന്തെങ്കിലും അപര്യാപ്തതയുണ്ടെങ്കിൽ, മറ്റു വിവരങ്ങളോ പരിശോധന ഫലമോ ലഭിച്ചതിന് ശേഷമേ അംഗീകാരം നൽകാൻ കഴിയുള്ളൂ എന്നും എൻഎംസി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, മെഡിക്കൽ രേഖയിൽ ഡിജിറ്റൽ ഒപ്പിടുന്നത് അംഗീകാരം രേഖപ്പെടുത്താനുള്ള മാർഗം മാത്രമാണ്. ഡോക്ടറുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്വങ്ങൾ ഇല്ലാതാകില്ല. നിയമങ്ങളും ചികിത്സാ മാനദണ്ഡങ്ങളും ആവശ്യപ്പെടുന്ന പരിശോധനകളും സ്ഥിരീകരണങ്ങളും ഒഴിവാക്കാനും ഡിജിറ്റൽ ഒപ്പ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
ഡോക്ടർ സ്വതന്ത്രമായും കൃത്യമായും രേഖ അംഗീകരിക്കുന്നതിന് മുൻപ് വിലയിരുത്തൽ നടത്തണം. റിപ്പോർട്ടിന്റെ ഉള്ളടക്കത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആവശ്യമായ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്. ഒരു ഡോക്ടർ നിയമപരമായി ജോലി ചെയ്യുന്നതോ, പാനലിൽ ഉൾപ്പെട്ടിട്ടുള്ളതോ, കരാർബന്ധമുള്ളതോ പ്രൊഫഷണൽ ബന്ധമുള്ളതോ ആയ ആരോഗ്യസ്ഥാപനത്തിൽ നിന്ന് തയ്യാറാക്കുന്ന റിപ്പോർട്ടുകൾക്ക് മാത്രമേ ഡിജിറ്റൽ ഒപ്പ് നൽകാൻ അനുവാദമുള്ളൂ.
ഇത്തരത്തിൽ ഡിജിറ്റൽ സൈൻ സ്വീകരിക്കുമ്പോൾ രോഗികളുടെ മെഡിക്കൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും എൻഎംസി വ്യക്തമാക്കി. രേഖകളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാൻ സഹായിക്കുന്ന ഓഡിറ്റ് രേഖകൾ, അംഗീകാര ലോഗുകൾ, തീയതി-സമയ വിവരങ്ങൾ തുടങ്ങിയ സുരക്ഷയും ഉറപ്പാക്കണം. ഡിജിറ്റൽ ഒപ്പിലൂടെ മെഡിക്കൽ രേഖകൾ വിദൂരത്തിരുന്ന് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ നിയമവ്യവസ്ഥകൾക്ക് വ്യക്തത നൽകുന്ന മാർഗനിർദേശമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നിയമപരമായ അവകാശങ്ങൾ സൃഷ്ടിക്കുന്നതോ നിലവിലുള്ള ലൈസൻസ്, രജിസ്ട്രേഷൻ വ്യവസ്ഥകളിൽ ഇളവ് നൽകുന്നതോ അല്ല ഈ നിർദേശമെന്നും അറിയിച്ചിട്ടുണ്ട്.









0 comments