പാക് അതിര്‍ത്തി വഴി ഡ്രോൺ ഉപയോഗിച്ച് ആയുധക്കടത്ത്: എൻഐഎ അന്വേഷണം തുടങ്ങി

Representational image
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തി വഴി ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതായി കണ്ടെത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസ്‌വീർ ചൗധരി എന്നയാൾ ഇന്ത്യൻ സഹായി ശുഭം കുമാർ എന്ന വ്യക്തി വഴി ആയുധങ്ങൾ കൈമാറുന്നതായാണ് കണ്ടെത്തിയത്. ഇവരെ കൂടാതെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് വ്യക്തികളെയും പ്രതിയാക്കിയാണ് എൻഐഎ കേസ്.
ഈ സംഭവത്തിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് പഞ്ചാബ് പോലീസാണ്. അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെല്ലിന് (SSOC) ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഇത്. തുടര്‍ന്നുള്ള അന്വേഷണത്തിൽ ജസ്‌വീർ ചൗധരിയുടെ നിർദ്ദേശപ്രകാരം ഡ്രോണുകൾ വഴി അതിർത്തി കടത്തിവിട്ട വൻ ആയുധശേഖരവും ഐഇഡികളും ഇയാളുടെ ഇന്ത്യൻ കൂട്ടാളികൾ കൈപ്പറ്റിയതായി കണ്ടെത്തി.
ഫെബ്രുവരി 10-നാണ് പഞ്ചാബ് പോലീസ് ഇതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേസിന്റെ ഗൗരവം, ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ, അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ എന്നിവ പരിഗണിച്ചാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ മാസവും സമാനമായ മറ്റൊരു ആയുധക്കടത്ത് കേസിൽ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.










0 comments