ചോദ്യപേപ്പർ ചോർത്തുമെന്ന വാഗ്ദാനം, വിദ്യാർത്ഥിനിയോട് മോശം പെരുമാറ്റം; ലഖ്‌നൗ സർവകലാശാല പ്രൊഫസർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം
ലഖ്‌നൗ: പരീക്ഷാ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് വാഗ്ദാനം നൽകി വിദ്യാർത്ഥിനിയോട് മോശമായി സംസാരിച്ച സംഭവത്തിൽ ലഖ്‌നൗ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുവോളജി (ജന്തുശാസ്ത്ര) വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ്ങിനെയാണ് ഹസൻഗഞ്ച് പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്.
പ്രൊഫസറും വിദ്യാർത്ഥിനിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഫോൺ കോളിൽ പ്രൊഫസർ വിദ്യാർത്ഥിനിയോട് അശ്ലീലമായ രീതിയിൽ സംസാരിക്കുകയും പരീക്ഷയ്ക്ക് വഴിവിട്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് അവകാശപ്പെടുകയും ചെയ്തതായാണ് പരാതി.
വിദ്യാർത്ഥിനി നേരിട്ട് നൽകിയ പരാതിയുടെയും ഓഡിയോ ക്ലിപ്പുകളുടെയും അടിസ്ഥാനത്തിൽ സർവകലാശാല പരീക്ഷാ കൺട്രോളർ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് (മഹാനഗർ) നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്.
ഇത്തരം വിഷയങ്ങളിൽ സർവകലാശാലയ്ക്ക് 'സീറോ ടോളറൻസ്' നയമാണുള്ളതെന്നും സ്ഥാപനത്തിന്റെ അന്തസ്സിനെയോ അക്കാദമിക് അന്തരീക്ഷത്തെയോ ബാധിക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്നും സർവകലാശാല ഭരണകൂടം വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments