print edition സംഘടിത – അസംഘടിത മേഖല: പുതിയ പിഎഫ് പെൻഷൻ പദ്ധതി പരിഗണനയിൽ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സംഘടിത – അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പെൻഷൻ പദ്ധതിയിലേക്കുള്ള തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം ദീർഘകാല സർക്കാർ സെക്യൂരിറ്റികളിലാകും നിക്ഷേപിക്കുക. പലിശ വർഷാവർഷം പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റും. പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന നിശ്‌ചിത വിരമിക്കൽ തുക പിന്നീട് പെൻഷനായി ലഭിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നിലവിലെ പിഎഫ് പെൻഷൻ ഉപയോക്താക്കൾക്കും പെൻഷൻ പദ്ധതിയിൽ നിന്ന് പുറത്തായവർക്കും പുതിയ പദ്ധതിയുടെ ഭാഗമാകാം. പദ്ധതിയുടെ ഭാഗമായി ഒരു നിശ്‌ചിത പങ്കാളിത്ത ചട്ടകൂടിന് രൂപം നൽകും. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള പങ്കാളിത്തം ലക്ഷ്യമിടും. കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരും നിശ്‌ചിത തുക പെൻഷൻ അക്കൗണ്ടിൽ നിക്ഷേപിക്കും. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ കാര്യത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളെ പദ്ധതിയിൽ പങ്കാളികളാക്കും. സിഎസ്‌ആർ ഫണ്ടുകളും തേർഡ് പാർടി ഫണ്ടുകളും പദ്ധതിക്കായി വിനിയോഗിക്കും.
പെൻഷൻ -ഫണ്ടിലെ തുക എന്ത് കാര്യത്തിനായി വിനിയോഗിക്കണമെന്ന് 55-–ാം വയസ്സിൽ ഉപയോക്താവിന് തീരുമാനിക്കാം. അതുവരെ പിഎഫ് ഫണ്ടിന് സമാനമായിട്ടാകും പെൻഷൻ ഫണ്ടിന്റെയും പ്രവർത്തനം. പെൻഷൻ തുക മാസാമാസം ലഭിക്കുന്ന വിധത്തിലോ അതല്ലെങ്കിൽ നിശ്‌ചിത കാലയളവുകളിലായി പിൻവലിക്കാവുന്ന വിധത്തിലോ ക്രമീകരിക്കാം. വിരമിക്കുന്ന ഘട്ടത്തിൽ പെൻഷൻ -ഫണ്ടിൽ ആകെയുള്ള തുകയുടെ ഓരോ വർഷവും ലഭിക്കുന്ന പലിശയാണ് മാസാമാസം പെൻഷനായി അനുവദിക്കുക.









0 comments