'ഇത്രയും മോശം പരാമർശം ഒരിക്കലും പ്രതീക്ഷിച്ചില്ല': ബിജെപി നേതാവിനെതിരെ തൃഷ

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിൽ പ്രതികരിച്ച് നടി തൃഷ. രാഷ്ട്രീയത്തിൽ താൻ കർശനമായ നിഷ്പക്ഷ നിലപാട് പുലർത്തുന്നുണ്ടെന്നും ഒരു രാഷ്ട്രീയ പാർടിയുമായും ബന്ധമില്ലെന്നും തൃഷ വ്യക്തമാക്കി. അഭിഭാഷകൻ മുഖേനയാണ് തൃഷ പ്രസ്താവന പുറത്തിറക്കിയത്.
നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രസ്താവന പങ്കുവെച്ചു. പ്രസ്താവനയിൽ ആരെയും നേരിട്ട് പേരെടുത്ത് പറയുന്നില്ല, എങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി പറഞ്ഞു. തിരുനെൽവേലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി നിയമസഭാംഗമാണ് നൈനാർ നാഗേന്ദ്രൻ.
എപ്പോഴും രാഷ്ട്രീയ ബന്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ടെന്നും സിനിമയിലെ പ്രവർത്തനത്തിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിൽ കുറിച്ചു. വ്യക്തിപരമായ കാര്യങ്ങൾ പൊതുചർച്ചയിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പൊതുസ്ഥാനം വഹിക്കുന്നർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും തൃഷ വ്യക്തമാക്കി.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പാർടിയായ തമിഴക വെട്രി കഴകത്തെക്കുറിച്ചും (ടിവികെ) സംസാരിക്കുന്നതിനിടെ നാഗേന്ദ്രൻ നടനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയിരുന്നു. വിജയ് രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നുമായിരുന്നു നൈനാർ നാഗേന്ദ്രന്റെ പരാമർശം. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തു.
നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു. തന്നെ ബാധിക്കാത്ത വിഷയങ്ങളിൽ തന്റെ പേര് പരാമർശിക്കരുതെന്നും തൃഷ അഭ്യർത്ഥിച്ചു.
തൃഷയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. അബദ്ധം പറ്റിയതാണെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.










0 comments