പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയാറാക്കുന്ന രീതി പരിഷ്കരിക്കാൻ എൻടിഎ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ പരീക്ഷാ രീതികളിൽ അടിമുടി മാറ്റത്തിനൊരുങ്ങി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ചോദ്യപേപ്പറുകൾ തയ്യാറാക്കുന്ന രീതിയിൽ കാതലായ മാറ്റം വരുത്തി മുഖം രക്ഷിക്കാനാണ് ശ്രമം. പരീക്ഷാ പ്രക്രിയയുടെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഘട്ടത്തിലെ സുരക്ഷാ വീഴ്ചകൾ തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെയാണ് നടപടി.
ഇത്രയും കാലം കാലഹരണപ്പെട്ട രീതികൾ തുടർന്നതാണ് വീഴ്ചകളിലേക്ക് നയിച്ചത്. 2024 ൽ ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഭവിച്ചപ്പോൾ തന്നെ ഇത് ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്. അന്ന് അന്വേഷണത്തിനായി രാധാകൃഷ്ണൻ കമ്മീഷനെ നിയമിക്കയും അവര്‍ പഠന റിപ്പോര്‍ട് സമര്‍പ്പിക്കയും ചെയ്തിരുന്നു. പക്ഷേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലവും അലംഭാവം തുടര്‍ന്നു.
പരിഗണിക്കുന്നത് സീറോ ട്രസ്റ്റ് ആർക്കിടെക്ചർ
ഓരോ പരീക്ഷകൾക്കും പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കി "സീറോ ട്രസ്റ്റ് ആർക്കിടെക്ചർ" എന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ചോദ്യങ്ങൾ തയ്യാറാക്കുന്ന വിഷയ വിദഗ്ദ്ധരോട് തങ്ങൾ തയ്യാറാക്കുന്ന ചോദ്യങ്ങൾ നീറ്റ്, ജെഇഇ അല്ലെങ്കിൽ എൻടിഎ നടത്തുന്ന മറ്റേതെങ്കിലും പരീക്ഷ എന്ന് വേര്‍തിരിച്ച് പറയാതെ ക്വസ്റ്റ്യൻ ബാങ്കുകൾ സൃഷ്ടിച്ച് അതിൽ നിന്നും ചോദ്യം പേപ്പര്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയാണ് പരീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലും തർജ്ജമ ചെയ്യുന്ന ഘട്ടത്തിലുമാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
Related News
ഇതോടെ അന്തിമ ചോദ്യപേപ്പറിനെക്കുറിച്ച് അറിവുള്ള വ്യക്തികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കൂടുതൽ പേരുടെ കൈകളിലേക്ക് ചോദ്യ പേപ്പറിന്റെ അവസാന രൂപം എത്തുന്നത് നിയന്ത്രിക്കാം.
നേരത്തെ ചൂണ്ടികാട്ടിയ വീഴ്ചകൾ
ചോദ്യപേപ്പറിന്റെ വിവിധ ഭാഗങ്ങൾ ചോർത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിവർത്തകരും വിഷയ വിദഗ്ദ്ധരും ഉൾപ്പെടെ 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിലാണ് ചോർച്ച നടന്നിട്ടുള്ളതെന്ന് അറസ്റ്റിലായവരുടെ പശ്ചാത്തലം സൂചിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവർത്തകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഓരോ പരീക്ഷയും 13 ഭാഷകളിലേക്ക് വരെ തര്‍ജമ ചെയ്യപ്പെടുന്നുണ്ട്.
വിശ്വസ്തരായ വിദഗ്ദ്ധർക്ക് ചോദ്യപേപ്പറിന്റെ പൂർണ്ണമായ ഭാഗങ്ങൾ കൈമാറാം എന്ന സമീപനം അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്. വ്യക്തികളെ അന്ധമായി വിശ്വസിക്കുന്നതിന് പകരം സാങ്കേതികവിദ്യയിലും സുരക്ഷിതമായ പ്രക്രിയകളിലും മാത്രം അധിഷ്ഠിതമായ ഒരു പരീക്ഷാ രീതിയിലേക്ക് മാറുന്നു.
നിലവിൽ എൻടിഎ നടത്തുന്ന പരീക്ഷകളിൽ നീറ്റ് മാത്രമാണ് പേപ്പറും പേനയും ഉപയോഗിച്ച് നടത്തുന്നത്. ഇത് വരും വർഷങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആക്കി മാറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഏജൻസി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ ഒന്നിലധികം സെഷനുകളായി പരീക്ഷ നടത്താനും ആലോചനയുണ്ട്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് റീ-എക്സാം നിലവിലെ OMR രീതിയിൽ തന്നെയായിരിക്കും. പെട്ടെന്ന് രീതി മാറ്റുന്നത് പ്രായോഗികമല്ലാത്തതിനാൽ മാറ്റം വരും പരീക്ഷകളിലായിരിക്കും.
കേരള പി എസ് സി പോലുള്ള സംസ്ഥാന തലങ്ങളിലെ സെലക്ഷൻ ബോർഡുകൾ വർഷങ്ങൾക്ക് മുൻപ് തന്നെ 'ക്വസ്റ്റ്യൻ ബാങ്ക്' സംവിധാനവും, പരീക്ഷാ രീതികളിൽ വലിയ മാറ്റങ്ങളും വിജയകരമായി നടപ്പിലാക്കി മാതൃക കാട്ടിയപ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷകൾ നടത്തുന്ന ഒരു ദേശീയ ഏജൻസി ഇപ്പോഴും പഴയ 'പേപ്പർ-പേന' രീതിയിലും മനുഷ്യ ഇടപെടലുകളിലും തൂങ്ങിക്കിടന്നത്. പരീക്ഷയ്ക്കായി ചോദ്യങ്ങൾ പ്രത്യേക വിദഗ്ധരെക്കൊണ്ട് തയ്യാറാക്കിച്ച്, അത് പ്രിന്റ് ചെയ്ത്, ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും സൂക്ഷിക്കുന്ന പരമ്പരാഗത രീതിയാണ് തുടർന്നത്. ഈ സുദീർഘമായ പ്രക്രിയയ്ക്കിടയിലാണ് ഹസാരിബാഗിലും പട്നയിലുമൊക്കെ ചോദ്യപേപ്പർ ചോർന്നത്.
പ്രാദേശിക ഭാഷകളിലേക്ക് ചോദ്യങ്ങൾ മാറ്റാൻ എൻടിഎ ആശ്രയിച്ചത് വലിയൊരു കൂട്ടം തർജ്ജമക്കാരെയാണ്. ഇതിൽ പലരും സ്വകാര്യ കോച്ചിംഗ് സെന്ററുകളുമായി ബന്ധമുള്ളവരായിരുന്നു എന്നത് സുരക്ഷ പാടെ തകർത്തു. 24 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സെഷനിൽ, ഒഎംആർ ഷീറ്റിൽ നടത്താനാണ് എൻടിഎ വാശിപിടിച്ചത്. പരീക്ഷാ കേന്ദ്രങ്ങളിൽ ഒഎംആർ ഷീറ്റുകൾ തിരുത്താനും ചോർത്താനും ഇത് മാഫിയകൾക്ക് എളുപ്പവഴിയൊരുക്കി.
സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷകൾ സുതാര്യമാക്കാൻ മുൻകൈ എടുക്കേണ്ട രജ്യത്തെ ദേശീയ ഏജൻസി വലിയൊരു ദുരന്തവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയും തുലച്ചുള്ള വെട്ടിപ്പ് പുറത്തുവരുന്നതുവരെ കാത്തിരുന്നു.









0 comments