വിദ്യാർഥി വേട്ടയ്ക്കെതിരായ പോരാട്ടത്തിന് വിജയം; മുഴുവൻ കേസുകളും പിൻവലിക്കണം: എസ്എഫ്ഐ

ന്യൂഡൽഹി: ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത എസ്‌എഫ്‌ഐ നേതാവ് അക്ഷത് ത്രിപാഠിക്കെതിരെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസ് നൽകിയ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്തത് വിദ്യാർഥി സമൂഹത്തിന്റെ പോരാട്ട വിജയമാണെന്ന് എസ്‌എഫ്‌ഐ. ജന്തർമന്തറിൽ മാത്രമല്ല, നീറ്റ് തട്ടിപ്പിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ മുഴുവൻ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്‌എഫ്‌ഐ ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗം അക്ഷത് ത്രിപാഠിക്കെതിരെയായിരുന്നു ബിജെപി സർക്കാരിന്റെ നിർദ്ദേശപ്രകാരം മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്ത വിവരം സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ്, സുപ്രീം കോടതിയെപ്പോലും വെല്ലുവിളിച്ച് വിദ്യാർഥി നേതാവിനെതിരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നോട്ടീസയച്ചത്. സംഘപരിവാർ ഭരണത്തിന് കീഴിൽ ഉദ്യോഗസ്ഥവൃന്ദത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെയും ജനാധിപത്യവിരുദ്ധമായ അധികാരാതിക്രമങ്ങളുടെയും തെളിവാണ് മജിസ്ട്രേറ്റിന്റെ നടപടിയെന്ന് എസ്‌എഫ്‌ഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നോയിഡ തൊഴിലാളി പ്രക്ഷോഭ കേസിൽ ഗൗതം ബുദ്ധ നഗർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അലഹബാദ് ഹൈക്കോടതി 5 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഘപരിവാർ ഭരണത്തിൻ കീഴിൽ നടമാടുന്ന ഉദ്യോഗസ്ഥ അനാസ്ഥയ്ക്കും ഭരണഘടനാ വിരുദ്ധ നടപടികൾക്കുമെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ മുഴുവൻ അണിനിരക്കണമെന്ന് എസ്‌എഫ്‌ഐ ആഹ്വാനം ചെയ്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച പുറത്തുവന്ന ആദ്യ ദിവസം മുതൽ എസ്‌എഫ്‌ഐ ശക്തമായ പ്രക്ഷോഭ രംഗത്താണ്. 2026 മേയ് 12-ന് വിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ചിനിടെ 25-ലധികം പ്രവർത്തകരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളം ആയിരത്തിലധികം കേന്ദ്രങ്ങളിൽ എസ്‌എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ എണ്ണൂറിലധികം വിദ്യാർഥികൾ അറസ്റ്റിലാവുകയും 16 നേതാക്കൾ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു.
ജന്തർമന്തറിലെ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, നീറ്റ് ക്രമക്കേടിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ച മുഴുവൻ വിദ്യാർഥികൾക്കുമെതിരായ കേസുകളും നിരുപാധികം പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കും വരെ സമരം തുടർന്നു കൊണ്ടുപോകുമെന്ന് എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയും അറിയിച്ചു.









0 comments