അഹമ്മദാബാദിൽ നീറ്റ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മുമ്പായി രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ. അഹമ്മദാബാദിലെ ന്യൂ റാണിപ് സ്വദേശിയായ 17കാരനാണ് മരിച്ചത്. അപ്പാർട്ട്മെന്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 2.30 ഓടെയാണ് സംഭവം. താമസിച്ചിരുന്ന ഫ്ലാറ്റിലെ കിടപ്പുമുറിയുടെ ബാൽക്കണിയിലെ സംരക്ഷണ വല മുറിച്ചുമാറ്റിയാണ് വിദ്യാർഥി താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിക്ക് വൈദ്യസഹായം ലഭിക്കുന്നതിന് മുൻപ് തന്നെ മരിച്ചു.
മികച്ച പഠനനിലവാരം പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു. 2025ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 85% മാർക്ക് നേടിയിരുന്നു. 2025ലെ നീറ്റ് പരീക്ഷയിൽ നല്ല സ്കോർ ലഭിച്ചിരുന്നെങ്കിലും, മെഡിക്കൽ പ്രവേശന സാധ്യത ഉറപ്പാക്കാനും സ്കോർ മെച്ചപ്പെടുത്താനുമായി വീണ്ടും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ടിരുന്നതിനൊപ്പം ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന ഫോമുകളും വിദ്യാർഥി പൂരിപ്പിച്ചു നൽകിയിരുന്നു.
അമ്മയും 13കാരനായ അനിയനോടുമൊപ്പമാണ് വിദ്യാർഥി താമസിച്ചിരുന്നത്. ക്രിമിനൽ അഭിഭാഷകനായ പിതാവ് കഴിഞ്ഞ മൂന്ന് വർഷമായി സൂറത്തിൽ കുടുംബത്തിൽ നിന്ന് വേർപിരിഞ്ഞാണ് കഴിയുന്നത്. ഒരു സ്വകാര്യ കോച്ചിംഗ് സ്ഥാപനലാണ് വിദ്യാർഥി പഠിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ തിരിയാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിദ്യാർഥികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.
വിദ്യാഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സബർമതി പൊലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്പ് ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തു. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, കോച്ചിംഗ് സെന്ററിലെ സഹപാഠികൾ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. നീറ്റ് പുനഃപരീക്ഷ നടക്കുന്നതിന് മൂന്ന് ദീവസം മുമ്പാണ് വിദ്യാർഥി ജീവനൊടുക്കിയത്.









0 comments