നീറ്റ് അട്ടിമറി: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രാലയത്തിലേക്ക് നാളെ എസ്എഫ്ഐ മാർച്ച്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറി, സിബിഎസ്ഇ വിവാദങ്ങൾ എന്നിവ മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു.
വിദ്യാർത്ഥി പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായാണ് പൊലീസ് നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. എന്നാൽ, പൊലീസിന്റെ വിലക്ക് മറികടന്നും നാളെ ശക്തമായ രീതിയിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജി വെക്കുക, നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടുക തുടങ്ങിയ ഏഴോളം പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ കേന്ദ്ര മന്ത്രാലയ മാർച്ച്. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 630-ഓളം പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്.
സമരങ്ങളുമായി ബന്ധപ്പെട്ട് എഴുനൂറിലധികം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും പതിനാറോളം പേരെ ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ദില്ലി പൊലീസ്, ഭരണപക്ഷ അനുകൂല സംഘടനകളുടെ പരിപാടികൾക്ക് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് അനുമതി നൽകുന്നതെന്നും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.
പ്രതിഷേധത്തെ അട്ടിമറിക്കാനുള്ള ദില്ലി പൊലീസിന്റെ ഏകപക്ഷീയമായ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള വിയോജിപ്പാണ് വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉയരുന്നത്.










0 comments