ad
Deshabhimani

തിരുവനന്തപുരത്ത് എം പോക്സ്; സ്ഥിരീകരിച്ചത് സൗദിയിൽ നിന്നെത്തിയയാൾക്ക്

Mpox Monkeypox
വെബ് ഡെസ്ക്

Published on Jun 18, 2026, 08:24 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ സ്വദേശിയായ 43 കാരനാണ് രോഗം ബാധിച്ചത്. ഇയാൾ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സൗദിയില്‍ നിന്ന് എത്തിയത്. നിലവിൽ രോഗി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.


എന്താണ് എം പോക്സ്


മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമാണ് എംപോക്‌സ്‌. ഡബിൾ സ്‌ട്രാൻഡഡ് ഡിഎൻഎ വൈറസായ മങ്കിപോക്‌സ് വൈറസാണ് എംപോക്‌സ്‌ രോഗത്തിന് കാരണമാകുന്നത്. വസൂരി രോഗകാരിയായ വേരിയോള, കൗപോക്സ്, വാക്‌സീനിയ തുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന പോക്‌സ്‌ വൈറിഡേ കുടുംബത്തിലെ ഓർത്തോപോക്‌സ് ആണിത്‌. -വൈറസ് ജനുസ്സിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്‌സ്‌ വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്.


രോഗവ്യാപനം പ്രതിരോധം


വൈറസ് വാഹകരായ മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്കും രോഗബാധിതരായ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും സമ്പർക്കംവഴി രോഗം പകരും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന 2- 4 ആഴ്ചവരെ നീണ്ടുനിൽക്കുന്ന സ്രവംനിറഞ്ഞ വേദനയുള്ള തിണർപ്പുകളും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം ശക്തമായ പനിയും തലവേദനയും പേശിവേദനയും നടുവേദനയും കഴലകളുടെ വീക്കവും ക്ഷീണവുമുണ്ടാകും. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തരം തിണർപ്പുകൾ വളരെവേഗം ശരീരത്താകെ വ്യാപിക്കും.


മരണനിരക്ക് പൊതുവെ കുറവാണെങ്കിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങൾ ഉള്ളവരിലും വൈറസ് തീവ്രമായേക്കാം. എംപോക്‌സ്‌ വൈറസിനെതിരെ കൃത്യമായ മരുന്നുകളില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനാണ് ചികിത്സ. വസൂരിരോഗത്തെ പ്രതിരോധിക്കാനുള്ള വാക്സിനുകളും ടിക്കോവിരിമാറ്റു (ടീപോക്‌സ്‌) പോലെയുള്ള അനുബന്ധ ആന്റി -വൈറൽ മരുന്നുകളും ഇപ്പോൾ എംപോക്‌സിനെതിരെയും ഉപയോഗിക്കുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home