Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനാഫലം

mini cooper accident
വെബ് ഡെസ്ക്

Published on Oct 16, 2026, 09:44 AM | 1 min read

നെടുമ്പാശേരി: നെടുമ്പാശേരിയിൽ മിനികൂപ്പർ കാറിടിച്ച്‌ മൂന്നുപേർ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായായി റിപ്പോർട്ട്. സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. പരിശോധനാഫലം പൊലീസ് കോടതിയിൽ നൽകും. സംഭവദിവസം മൂന്നുബാറുകളിൽനിന്ന് പ്രതി മദ്യപിച്ചിരുന്നു.കേസിലെ മുഖ്യപ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷയിൽ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വാദം കേൾക്കുന്നത്.


ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ്‌ അമിതവേഗത്തിൽ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട്‌ കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ്‌ (21) എന്നിവരാണ്‌ മരിച്ചത്‌. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ മിനികൂപ്പർ ഇടിക്കുകയായിരുന്നു. മദ്യലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19), ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവർ റിമാൻഡിലാണ്‌.


അതേസമയം, മുഖ്യപ്രതിയുടെ പേരും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നതും എഫ്‌ഐആറിൽനിന്ന്‌ ഒഴിവാക്കിയതിൽ മരിച്ചവരുടെ സുഹൃത്തിനെ പൊലീസ്‌ പഴിചാരുകയാണ്. സർക്കാരിന്റെയും പൊലീസിന്റെയും കള്ളക്കളി പുറത്തായതോടെയാണ്‌ തെറ്റിദ്ധരിപ്പിക്കാനും തടിതപ്പാനുമുള്ള ശ്രമം. മരിച്ച മൂന്നുപേരുടെയും സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. വിവാദമായതോടെ റിമാൻഡ് റിപ്പോർട്ടിൽ പ്രതി മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home