Deshabhimani

തിരംഗ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുക്കും; ഡൽഹി പൊലീസ് നിരീക്ഷിക്കുന്നതായി അഭിജീത് ദിപ്കെ

Abhijeet Dipke
വെബ് ഡെസ്ക്

Published on Oct 16, 2026, 09:51 AM | 1 min read

ന്യൂഡൽഹി : തിരംഗ മാർച്ചിന് മുന്നോടിയായി ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തേക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. രഹസ്യാന്വേഷണ വിഭാഗവും പൊലീസും തന്നെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ദീപ്കെ. നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ തന്നെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ദേശീയപതാക ഉയർത്തുന്നതിനായി തിരം​ഗ മാർച്ച് നടത്താനിരിക്കെയാണ് ദിപ്കെയുടെ പ്രതികരണം. ദേശീയപതാക വീശുന്നത് കുറ്റമായി കാണുന്നുവെങ്കിൽ അതിന്റെ പേരിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.


അതേസമയം, തിരം​ഗ മാർച്ചിന്റെ വേദിയായി നിശ്ചയിച്ചിരുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് ഒക്ടോബർ 16, 17 തീയതികളിൽ പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യവുമായി സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് തിരംഗ മാർച്ച്. ഗ്യാനേഷ് കുമാറിനെ മാറ്റി സ്വതന്ത്രവും നിഷ്പക്ഷവുമായ നടപടിക്രമത്തിലൂടെ മറ്റൊരാളെ നിയമിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ദിപ്കെ വ്യക്തമാക്കി.


സിജെപി പ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിലെടുത്ത സംഭവവും ദിപ്കെ ചൂണ്ടിക്കാട്ടി. ദേശീയപതാക ഉയർത്താൻ ശ്രമിച്ചുവെന്ന പേരിലാണ് പ്രവർത്തകർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്‌. ഇതിനിടെ സിജെപിയുടെ തിരം​ഗ മാർച്ച് നടക്കാനിരിക്കെ ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം. ഇതിന് മുന്നോടിയായി ആറായിരത്തോളം പൊലീസുകാരെയാണ് അധികമായി വിന്യസിച്ചത്. കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 220 കമ്പനി കേന്ദ്ര സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ സിസിടിവികളും ബാരിക്കേഡുകളും സ്ഥാപിച്ചു.


ഡൽഹി കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്ന് വൈകിട്ട്‌ അഞ്ചിനാണ്‌ തിരംഗാ മാർച്ച്‌ നടക്കുക. പത്ത് പേർക്ക് ദേശീയ പതാകയേന്തി മാർച്ച് നടത്താമെന്നാണ് ഡൽഹി പൊലീസിന്റെ നിർദേശം. കൂടുതൽ ആളുകൾ മാർച്ചിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്തതായും വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home