ബാങ്ക് ഉദ്യോഗസ്ഥനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടൽ: ആസൂത്രണം നടത്തിയത് 19കാരി

തൃശൂർ: ഹണി ട്രാപ്പിലൂടെ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് പണം തട്ടിയെടുത്തത് പത്തൊൻപതുകാരി. തൃശൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ ആൺസുഹൃത്തും അമ്മയും തട്ടിപ്പിന് കൂട്ടുനിന്നതായും വിവരമുണ്ട്. അഞ്ച് പേരെ ഈ കേസിൽ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മാനാമംഗലം സ്വദേശിയായ അലോന (19), സുഹൃത്ത് കല്ലൂർ സ്വദേശി ജോയൽ (20), അലോനയുടെ അമ്മ ലിഷ (44), വടൂക്കര സ്വദേശി ആഷിത് (32), അൻസാർ (26) എന്നിവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
അലോന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ഇവിടെ സുഹൃത്തുക്കളെ കാണാനായി എത്തിയിരുന്ന ബാങ്ക് ഉദ്യോഗസ്ഥനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥനുമായി അലോന ആദ്യം സൗഹൃദത്തിലായി. പിന്നീട് കൂടുതൽ അടുത്തു. കഴിഞ്ഞ ശനിയാഴ്ച അലോന ബാങ്ക് ഉദ്യോഗസ്ഥനൊപ്പം തൃശൂർ ശക്തൻ ബസ്റ്റാൻഡിൽ നിന്ന് പാലക്കാടേക്ക് ഒരു യാത്ര പുറപ്പെട്ടു.
ബാങ്ക് ഉദ്യോഗസ്ഥന്റെ കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടെ തന്റെ ലൈവ് ലൊക്കേഷൻ അലോന സുഹൃത്ത് ജോയലിനും അമ്മ അമ്മ ലിഷയ്ക്കും അയച്ചുനൽകുന്നുണ്ടായിരുന്നു. ഇരുവരും പാലക്കാട് എത്തി ഹോട്ടലിൽ മുറിയെടുത്തു. പിന്നാലെ ജോയലും അലോനയുടെ അമ്മയും മുറിയിലേക്കെത്തി. ബാങ്ക് ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന ഒൻപതിനായിരം രൂപ അവർ പിടിച്ചെടുത്തു. കൂടാതെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 16500 രൂപ ഗൂഗിൾ പേവഴി ഇവർ അയപ്പിക്കുകയുംചെയ്തു.
അതിനുശേഷം അലോനയുടെ ഒപ്പമിരുത്തി ബാങ്ക് ഉദ്യോഗസ്ഥന്റെ ഫോട്ടോ എടുത്തു. ആ ഫോട്ടോ വീട്ടുകാർക്കും ഭാര്യയ്ക്കും ഉൾപ്പെടെ അയച്ചു നൽകും എന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ രണ്ടുലക്ഷം രൂപ തങ്ങൾക്ക് നൽകണം എന്ന് സംഘം ആവശ്യപ്പെട്ടു. ഇതോടെ ബാങ്ക് ഉദ്യോഗസ്ഥൻ തൃശൂർ സിറ്റി പൊലീസിന് പരാതി നൽകി.
തൃശൂർ സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചു. പിന്നാലെ അഞ്ച് പേരെയും പൊലീസ് പിടികൂടുകയായിരുന്നു. ജോയലിന്റെ നിർദേശപ്രകാരമാണ് അലോന തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മൊഴി. തട്ടിപ്പിന് അമ്മ ലിഷയും കൂട്ടുനിൽക്കുകയായിരുന്നു.








0 comments