ad
Deshabhimani

ഇവർ പണം നൽകാത്തവർ; തായ്ലൻഡിൽ ഇന്ത്യൻ യുവാവിന് നേരെ വംശീയാധിക്ഷേപം

racial discrimination

വംശീയാധിക്ഷേപം നേരിട്ട യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Apr 20, 2026, 02:59 PM | 1 min read

ബാങ്കോക്ക് : തായ്ലൻഡിലെ റസ്റ്റോറന്റിൽ പ്രഭാതഭക്ഷണത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇന്ത്യൻ യുവാവ്. കശ്മീരിൽ നിന്നുള്ള യാത്രക്കാരനായ യുവാവാണ് വംശീയാധിക്ഷേപം നേരിട്ടത്. ബില്ലിലുണ്ടായ ആശയക്കുഴപ്പത്തിൽ വ്യക്തത തേടുന്നതിനായി യുവാവ് റസ്റ്റോറന്റ് അധികൃതരുമായി സംസാരിക്കുന്നതിനിടെയാണ് സംഭവം. ആശയക്കുഴപ്പം വന്നതോടെ വിവർത്തനത്തിനായി ഒരു യുവതിയെ റസ്റ്റോറന്റ് അധികൃതർ വിളിച്ചുവരുത്തി. ഏത് രാജ്യക്കാരനാണെന്ന് യുവതി യുവാവിനോട് ചോദിക്കുകയും തുടർന്ന് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, ഇന്ത്യക്കാർ പണം നൽകാൻ ആ​ഗ്രഹിക്കാത്തവരാണെന്ന് പറ‍ഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. തുടർന്ന് തർക്കം പരിഹരിക്കുന്നതിനായി യുവാവ് തായ്ലൻഡ് ടൂറിസ്റ്റ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.


തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള വീഡിയോ യുവാവ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. 'പ്രശ്നം പരിഹരിക്കുന്നതിനായി തായ്ലൻഡ് പൊലീസിനെ എനിക്ക് വിളിച്ചുവരുത്തേണ്ടി വന്നു. തായ്ലൻഡ് നല്ല സ്ഥലമാണെന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത്, ആദ്യമായി തായ്ലൻഡിൽ വെച്ച് എനിക്ക് വംശീയാധിക്ഷേപം നേരിട്ടിരിക്കുകയാണ്. യഥാർഥ ജീവിതത്തിലായാലും സംവാദങ്ങളിലായാലും വംശീയാധിക്ഷേപം ശരിയായ കാര്യമല്ല. തായ്ലൻഡ് ക്രാബിയിലെ ആവോ നാം​ഗിൽ ഞങ്ങൾ അത് നേരിട്ടു. അവസാനം പൊലീസിനെ വിളിക്കേണ്ടി വരെ വന്നു. നിങ്ങളുടെ മാതാപിതാക്കളെയും കുട്ടികളെയും പഠിപ്പിക്കുക. നിങ്ങൾക്ക് സംഭവിക്കുമ്പോൾ മാത്രമേ അതിന്റെ വേദന മനസിലാവുകയുള്ളൂ', സംഭവം വിവാദമായതോടെ റസ്റ്റോറന്റ് മാനേജർ തന്നോട് മാപ്പ് പറഞ്ഞതായും യുവാവ് പറഞ്ഞു.


വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അധിക്ഷേപം നേരിട്ട യുവാവിന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തി. ഇത്തരം പരാമർശങ്ങൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home