print edition മോഹൻജദാരോ ശിൽപ്പത്തിന് ‘തുണിയുടുപ്പിച്ച്’ എൻസിഇആർടി

1) ശിൽപ്പത്തിന്റെ യഥാർഥ രൂപം 2) എൻസിഇആർടി പാഠപുസ്തകത്തിൽ നൽകിയ ചിത്രം 3) പ്രധാനമന്ത്രി അനാവരണംചെയ്ത പ്രതിമ
ന്യൂഡൽഹി: സിന്ധു നദീതട സംസ്‌കാരത്തിന്റെ ശേഷിപ്പായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’ ശിൽപ്പത്തിന്റെ ചിത്രത്തിന് തുണിയുടുപ്പിച്ച് എൻസിഇആർടി. മോഹൻജദാരോയിൽ നിന്ന് കണ്ടെടുത്ത ചരിത്രപ്രസിദ്ധമായ ശിൽപ്പത്തിന്റെ നഗ്നത മറച്ച ചിത്രമാണ് ഒൻപതാം ക്ലാസ് പാഠപുസ്‌തകത്തിലാണ് നൽകിയത്. പ്രതിമയുടെ കഴുത്തിലുള്ള മാലയും മറച്ചിട്ടുണ്ട്.
ഒൻപതാം ക്ലാസിലെ മധുരിമ എന്ന പേരുള്ള ആർട്‌സ് ടെസ്റ്റ്‌ബുക്കിൽ ഇന്ത്യൻ കലയുടെ ചരിത്രം പറയുന്ന പാഠഭാഗത്തിലാണ് നാലയിരം വർഷം പഴക്കമുള്ള വെങ്കല പ്രതിമയെപ്പറ്റി പറയുന്നത്. ഇന്ത്യയിലെ മ്യൂസിയങ്ങളിലും വിവിധ ക്ലാസുകളിലെ പാഠപുസ്‌തകങ്ങളിലുമെല്ലാം ഈ ശില്‍പ്പത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
എൻസിഇആർടിയുടെ ആറാം ക്ലാസിലെ സാമൂഹ്യ ശാസ്‌ത്രം പാഠപുസ്‌തകത്തിൽ ഇൗ ചിത്രമുണ്ടെങ്കിലും മാറ്റങ്ങൾ വരുത്താതെയാണ് പ്രസിദ്ധീകരിച്ചത്. ആറാം ക്ലാസിലെ പാഠപുസ്‌തക സമിതിയോട് ചിത്രം മറയ്‌ക്കാൻ എൻസിഇആർടി ആവശ്യപ്പെങ്കിലും സമിതി അംഗങ്ങൾ അതിൽ വിയോജിക്കുകയായിരുന്നു. നീതിന്യായ സംവിധാനത്തിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയതിൽ എൻസിആർടി പരസ്യമായി മാപ്പുചോദിച്ചിരുന്നു. ഇത് കെട്ടടങ്ങുന്നതിന് മുന്നേയാണ് അടുത്ത വിവാദം.
സാംസ്കാരിക മന്ത്രാലയം 2023-ൽ ഇന്റർനാഷണൽ മ്യൂസിയം എക്സ്പോയുടെ "ഭാഗ്യചിഹ്നം' എന്ന് വിശേഷിപ്പിച്ച് ഈ പ്രതിമയുടെ "മാതൃക' പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തിരുന്നു. എന്നാല്‍, വസ്ത്രം ഉടുപ്പിച്ചും പിങ്ക് നിറംകൊടുത്തും വികലമാക്കിയാണ് പ്രതിമ അവതരിപ്പിച്ചത്. ഇത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.










0 comments