print edition പാഠപുസ്‍തകത്തിലെ ജുഡീഷ്യറിവിരുദ്ധ പരാമർശം: മൂന്നംഗ വിദഗ്‌ധ സമിതിയെ നിയമിച്ചെന്ന് കേന്ദ്രം

ന്യൂഡൽഹി: ജുഡീഷ്യറിയെ അഴിമതിനിഴലിൽ നിർത്തുന്ന എൻസിഇആർടി എട്ടാംക്ലാസ് പുസ്‌തകത്തിലെ നിരോധിത ഭാഗം പുനക്രമീകരിക്കുന്നതിന് മൂന്നംഗ വിദഗ്‌ധ സമിതി രൂപീകരിച്ചെന്ന് കേന്ദ്രസർക്കാർ . സുപ്രീംകോടതി മുൻ ജഡ്‌ജിമാരായ ഇന്ദു മൽഹോത്ര, അനിരുദ്ധ ബോസ്, മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ എന്നിവരടങ്ങുന്നതാണ് സമിതിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഒരു വൈസ് ചാൻസലർ കൂടി സമിതിയുടെ ഭാഗമാകും. സമിതി രൂപീകരിക്കണമെന്ന ബെഞ്ചിന്റെ നിർദേശത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. തുടര്‍ന്ന് സ്വമേധയാ എടുത്ത കേസ് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് അവസാനിപ്പിച്ചു. പാഠഭാഗം മാറ്റി എഴുതി അടുത്ത അധ്യയന വർഷം വീണ്ടും അവതരിപ്പിക്കുമെന്ന് എൻസിആർഇടി അറിയിച്ചതിൽ നേരത്തെ കോടതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. പകരം കേന്ദ്രം രൂപീകരിക്കുന്ന വിദഗ്‌ധ സമിതിയുടെ അംഗീകാരമില്ലാതെ സിലബസിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശിച്ചു.
വിവാദ പാഠഭാഗം എഴുതിയവരെ പൊതുസ്ഥാപനങ്ങളുമായി സഹകരിക്കുന്നതിൽനിന്ന് വിലക്കി. നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾഎന്ന തലക്കെട്ടിൽ അഴിമതി, കേസുകൾ കെട്ടിക്കിടക്കുന്നത്, ജഡ്‌ജിമാരുടെ അപര്യാപ്‌തത തുടങ്ങിയ ഉപശീർഷകങ്ങളുള്ള പാഠഭാഗം ഉൾപ്പെടുത്തിയ എൻസിആർഇടി നടപടിയാണ് വൻ വിവാദത്തിലേക്കും സുപ്രീംകോടതി നടപടികളിലേക്കും നയിച്ചത്.
നിരോധിക്കപ്പെട്ട പുസ്‌തകത്തിൽ ചില വിധികളെ വിമർശിക്കുന്ന ഭാഗമുണ്ടെന്ന് കാട്ടി സമർപ്പിക്കപ്പെട്ട പുതിയ ഹർജി പരിഗണിക്കാൻ കോടതി വെള്ളിയാഴ്‌ച വിസമ്മതിച്ചു.









0 comments