'500 കോടി' പരാമർശം: നവജോത് സിംഗ് സിദ്ദുവിന്റെ രാഷ്ട്രീയ തിരിച്ചുവരവിന്റെ അഭ്യൂഹങ്ങൾക്കിടെ ഭാര്യയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

ചണ്ഡീഗഡ്: 'മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി' എന്ന വിവാദ പരാമർശത്തിനുപിന്നാലെ നവജോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നവജോത് കൗർ സിദ്ദുവിൻ്റെ ഭർത്താവും കോൺഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദുവിൻ്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് വിവാദ പരാമർശം ഉണ്ടായതും തുടർ നടപടിയുണ്ടായതും.
നവജോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ അദ്ദേഹം സജീവമായി തിരിച്ചെത്തുമെന്നും, എന്നാൽ "500 കോടി നൽകുന്ന ആളായിരിക്കും മുഖ്യമന്ത്രി" എന്നുമായിരുന്നു നവജോത് കൗർ സിദ്ദുവിൻ്റെ പ്രതികരണം. കൂടാതെ, പഞ്ചാബ് കോൺഗ്രസ് കടുത്ത ഉൾപാർട്ടി തർക്കത്തിൽ വലയുകയാണെന്നും, അഞ്ചോളം നേതാക്കൾ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണെന്നും അവർ തുറന്നടിച്ചിരുന്നു.
നവജോത് കൗർ സിദ്ദുവിൻ്റെ ഈ പ്രസ്താവന പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കോൺഗ്രസ് തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പണമാണ് മാനദണ്ഡമാക്കുന്നതെന്നായിരുന്നു ആം ആദ്മിയുടെ വിമർശനം.
പരാമർശം വിവാദമായതോടെ നവജോത് കൗർ സിദ്ദു വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തൻ്റെ പരാമർശം വളച്ചൊടിച്ചതിൽ ഞെട്ടലുണ്ടെന്നും പാർട്ടി തങ്ങളോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം. എങ്കിലും പാർട്ടി നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.









0 comments