ഇസ്രയേലിന് ഇന്ത്യ ആയുധം നൽകുന്നത് കണ്ടെത്തിയാല്‍ നാണക്കേട് : നവി പിള്ള

ന്യൂഡൽഹി
ഗാസയില്‍ വംശഹത്യ തുടരുന്ന ഇസ്രയേലിന് ഇന്ത്യ ആയുധം വിൽക്കുന്നതായോ എത്തിച്ചുനല്‍കുന്നതോ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിജെ) കണ്ടെത്തുന്നത് ലജ്ജാകരമായ സാഹചര്യം സൃഷ്‌ടിക്കുമെന്ന് ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷയായിരുന്ന നവി പിള്ള. ഐസിജെയില്‍ ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ നടത്തുന്ന നിയമയുദ്ധത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണയ്‌ക്കണം. ഐസിജെയില്‍ ഇന്ത്യന്‍ ജഡ്‌ജിയും ഉണ്ടെന്നത് അഭിമാനകരമാണ്. എന്നാല്‍ ആയുധ കൈമാറ്റത്തിലൂടെ ഇന്ത്യ ഇസ്രയേലുമായി കൂട്ടുകൂടുകയാണെന്ന് കോടതി കണ്ടെത്തുന്ന സ്ഥിതി നാണക്കേടുണ്ടാക്കുമെന്നും ഐസിജെ മുന്‍ ജഡ്‌ജി കൂടിയായ നവി പിള്ള ദേശീയദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അധിനിവേശ പലസ്‌തീൻ പ്രദേശത്തെക്കുറിച്ച് യുഎന്നിന്റെ സ്വതന്ത്ര അന്താരാഷ്‌ട്ര അന്വേഷണ കമീഷന്റെ അധ്യക്ഷയാണ് നവി പിള്ള. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് കമീഷന്‍ സെപ്തംബര്‍ 16ന് പുറത്തുവിട്ടിരുന്നു. 18,000 കുട്ടികൾ ഉൾപ്പെടെ 60,000-ത്തിലധികം പലസ്‌തീൻകാര്‍ കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങളും ആരോഗ്യ സൗകര്യങ്ങൾ, ഗാസയിലെ ഏറ്റവും വലിയ വന്ധ്യതാ ക്ലിനിക് എന്നിവ ആസൂത്രിതമായി നശിപ്പിച്ചതിന്റെ തെളിവുകളും റിപ്പോര്‍ട്ട് പുറത്തുവിട്ടു. വംശഹത്യ തടയാന്‍ ഓരോ രാഷ്ട്രത്തിനും ബാധ്യതയുണ്ടെന്നും അതിനുള്ള ഉപാധിയായി കമീഷന്‍ റിപ്പോര്‍ട്ടിനെ ലോകരാജ്യങ്ങള്‍ കണക്കാക്കണമെന്നും തമിഴ്നാട്ടില്‍ വേരുകളുള്ള ആഫ്രിക്കന്‍ പൗരയായ നവി പിള്ള അഭ്യര്‍ഥിച്ചു.










0 comments