നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം: ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

PHOTO CREDIT: X
മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, അജിത് പവാർ, സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു, വ്യവസായി ഗൗതം അദാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
1,160 ഹെക്ടറിൽ 19,650 കോടി ചെലവിലാണ് വിമാനത്താവളത്തിന്റെ നിർമാണം. നാല് ടെർമിനലുകളും രണ്ട് സമാന്തര റൺവേകളുമാണ് വിമാനത്താവളത്തിലുള്ളത്. പ്രത്യേക വിവിഐപി ടെർമിനലും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമ്മാണം 2026 ൽ ആരംഭിച്ച് 2030 ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
പുതിയ വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര വിമാന സർവീസുകൾ ഉടൻ ആരംഭിക്കും. ഡിസംബറോടെ അന്താരാഷ്ട്ര റൂട്ടുകളിലും സർവീസ് തുടങ്ങും. മുംബൈയിൽ നിലവിലുള്ള ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗതാഗതക്കുരുക്ക് പുതിയ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ ലഘൂകരിക്കുമെന്നാണ് കരുതുന്നത്.
വിമാനത്താവളത്തിൽ ഏകദേശം 47 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കും. നാല് ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന ദ്രുത ഗതാഗത സംവിധാനമായ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ, സുസ്ഥിര വ്യോമയാന ഇന്ധന (SAF) സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിമാനത്താവളത്തിലുണ്ട്.
പരിസ്ഥിതി സൗഹൃദമായി ഇലക്ട്രിക് ബസുകളാകും സർവീസ് നടത്തുക. വാട്ടർ ടാക്സി സർവീസ് വഴി ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകും നവി മുംബൈ എന്ന് അധികൃതർ പറഞ്ഞു. പേപ്പർലെസ് ബോർഡിംഗ്, ഇ-ഗേറ്റുകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ ലഭിക്കുന്ന മൊബൈൽ ആപ്പ് തയാറാകുന്നുണ്ട്. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ വിമാനത്താവളമായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.










0 comments