രാജ്യത്ത് ക്രിസ്മസ് ആഘോഷത്തിനെതിരെ സംഘപരിവാർ ആക്രമണങ്ങൾ; കുർബാനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യത്തിൽ പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നോർത്ത് അവന്യൂവിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കുചേർന്നത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രി കുർബാന ചടങ്ങുകളിലും പങ്കെടുത്തു.
ഡൽഹി ബിഷപ്പ് റൈറ്റ് റവ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിലും കരോൾ ഗീതാലാപനങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ഉളപ്പടെയുള്ളവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും ക്രിസ്മസ് ആഘോഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ പള്ളി സന്ദർശനം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരോൾ സംഘങ്ങളെ തടയുന്നതും സഭാ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടി സഭാ നേതൃത്വം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭയം കൂടാതെ ആഘോഷങ്ങൾ നടത്താനുള്ള സാഹചര്യം ഉറപ്പാക്കണമെന്ന് കാത്തോലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്തിയോടും ആവശ്യപ്പെട്ടിരുന്നു.
ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിലും പ്രധാനമന്ത്രി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചിരുന്നു.
എന്നാൽ, ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയും ആക്രമണങ്ങൾക്ക് മൗനാനുമതി നൽകുകയും ചെയ്യുന്ന സാഹചര്യത്തിലുള്ള ഈ കപടസ്നേഹത്തിനെതിരെ വിമർശനങ്ങൾ ഏറുകയാണ്.










0 comments