എൻസിഇആർടി പാഠപുസ്തക വിവാദം: മൂന്ന് അക്കാദമിക് വിദഗ്ദ്ധർക്കെതിരായ വിലക്ക് നീക്കി സുപ്രീംകോടതി

ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്ന് പ്രമുഖ അക്കാദമിക് വിദഗ്ദ്ധർക്ക് സുപ്രീംകോടതിയുടെ ആശ്വാസം. പ്രൊഫ. മിഷേൽ ഡാനിനോ, സുപർണ ദിവാകർ, ആലോക് പ്രസന്ന കുമാർ എന്നിവരെ അക്കാദമിക് പ്രൊജക്ടുകളിൽ നിന്ന് മാറ്റിനിർത്തണമെന്ന മാർച്ച് 11-ലെ മുൻ ഉത്തരവ് സുപ്രീംകോടതി പരിഷ്കരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സർവ്വകലാശാലകൾക്കും ഈ വിദഗ്ദ്ധരുമായി സഹകരിക്കുന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പഞ്ജോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മൂവരും ‘അറിഞ്ഞുകൊണ്ട് വസ്തുതകൾ വളച്ചൊടിച്ചു’ എന്ന മുൻ ഉത്തരവിലെ വിദ്വേഷ പരാമർശങ്ങളും കോടതി ഔദ്യോഗികമായി പിൻവലിച്ചു. പാഠപുസ്തകത്തിന്റെ ഉള്ളടക്കം ഒരു വ്യക്തിയുടേത് മാത്രമല്ലെന്നും കൂട്ടായ ചർച്ചകളിലൂടെയും കരട് തയ്യാറാക്കലിലൂടെയുമാണ് രൂപപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി അക്കാദമിക് വിദഗ്ദ്ധർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.
എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിഷയം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. നീതിന്യായ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ സുപ്രീംകോടതി ഈ പാഠപുസ്തകത്തിന്റെ വിതരണവും അച്ചടിയും പൂർണ്ണമായി നിരോധിച്ചിരുന്നു.
തുടർന്നാണ് പുസ്തകം തയ്യാറാക്കിയ സമിതിയിലെ ഈ മൂന്ന് വിദഗ്ദ്ധരെ കരിമ്പട്ടികയിൽ പെടുത്താനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഇവരെ മാറ്റിനിർത്താനും കോടതി ഉത്തരവിട്ടത്.
എന്നാൽ, മുൻവിധികളില്ലാതെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊതു സർവ്വകലാശാലകൾക്കും പുതിയ ഉത്തരവിലൂടെ കോടതി അനുമതി നൽകി. പാഠപുസ്തകത്തിലെ ഉള്ളടക്കം അസന്തുലിതമായിരുന്നു എന്ന കാര്യത്തിൽ കോടതി ആവർത്തിച്ചുറപ്പിച്ചെങ്കിലും, വ്യക്തിപരമായി അക്കാദമിക് വിദഗ്ദ്ധരെ ലക്ഷ്യം വെച്ചിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.










0 comments