ad
Deshabhimani

മുസ്ലീം വിദ്യാർത്ഥിയെ 'തീവ്രവാദി' എന്ന് വിളിച്ച് അധിക്ഷേപം; ബെംഗളൂരു പിഇഎസ് സർവ്വകലാശാല പ്രൊഫസർക്ക് സസ്പെൻഷൻ

Karnataka.jpg
വെബ് ഡെസ്ക്

Published on Mar 28, 2026, 01:00 PM | 1 min read

ബെംഗളൂരു: കർണാടകയിലെ പിഇഎസ് സർവകലാശാലയിൽ മുസ്ലീം വിദ്യാർത്ഥിയെ അധ്യാപകൻ 'തീവ്രവാദി' എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം. പ്രൊഫസർ ഡോ മുരളീധർ ദേശ്പാണ്ഡെയാണ് ക്ലാസ് മുറിയിൽ വെച്ച് അഫാൻ എന്ന വിദ്യാർത്ഥിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്.


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർവ്വകലാശാല അധികൃതർ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ക്ലാസിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം ചോദിച്ച വിദ്യാർത്ഥിയോടാണ് അധ്യാപകൻ പ്രകോപിതനായി സംസാരിച്ചത്. പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു അധിക്ഷേപം.


"നാണമില്ലേ... നിങ്ങളെപ്പോലുള്ളവർ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്. ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും. നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദിയാണ്, നരകത്തിൽ പോകും," എന്നിങ്ങനെയായിരുന്നു അധ്യാപകന്റെ ആക്രോശം. ഏകദേശം 13 തവണയോളം 'തീവ്രവാദി' എന്ന പദം അധ്യാപകൻ ആവർത്തിച്ച് ഉപയോഗിച്ചതായി സഹപാഠികൾ പകർത്തിയ വീഡിയോയിൽ വ്യക്തമാണ്.


സംഭവത്തിൽ എൻഎസ്‌യുഐ ബെംഗളൂരു സെൻട്രൽ ജില്ലാ കമ്മിറ്റി ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനെത്തുടർന്നാണ് സർവ്വകലാശാല മാനേജ്‌മെന്റ് കർശന നടപടി സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.


സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. മുമ്പും സമാനമായ രീതിയിൽ കർണാടകയിലെ മറ്റ് ചില കോളേജുകളിലും വിദ്യാർത്ഥികൾക്ക് നേരെ അധ്യാപകർ വർഗീയ അധിക്ഷേപം നടത്തിയത് വാർത്തയായിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home