പരീക്ഷ എഴുതാൻ ഒരാൾ, കാവലിന് 30 ഉദ്യോഗസ്ഥർ; ജാർഖണ്ഡിൽ ഒരു അപൂർവ്വ പരീക്ഷ

റാഞ്ചി: പരീക്ഷ എഴുതാൻ എത്തിയത് ഒരേയൊരു വിദ്യാർത്ഥി. എന്നാൽ സുരക്ഷയ്ക്കും മേൽനോട്ടത്തിനുമായി എത്തിയത് മജിസ്‌ട്രേറ്റും പൊലീസും ഉൾപ്പെടെ മുപ്പതോളം ഉദ്യോഗസ്ഥർ. ജാർഖണ്ഡിലെ ഗർവാ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.
പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ സംഗീതം പേപ്പർ എഴുതാനാണ് ശങ്കർ കുമാർ സിംഗ് എന്ന വിദ്യാർത്ഥി തനിച്ച് പരീക്ഷാ ഹാളിലെത്തിയത്. അപ്‌ഗ്രേഡഡ് മിഡിൽ സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ 406 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും സംഗീതം ഐച്ഛിക വിഷയമായി എടുത്തത് ശങ്കർ മാത്രമായിരുന്നു.
ഒരു വിദ്യാർത്ഥിയേ ഉള്ളൂ എങ്കിലും പരീക്ഷാ മാനദണ്ഡങ്ങൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അധികൃതർ നടപ്പിലാക്കി. 18 നിരീക്ഷണ സംഘങ്ങൾ, 12 പൊലീസ് ഉദ്യോഗസ്ഥർ, പരീക്ഷാ ചുമതലയുള്ള മജിസ്‌ട്രേറ്റ് എന്നിവരാണ് കേന്ദ്രത്തിൽ നിലയുറപ്പിച്ചത്. ഇതിനു പുറമെ സിസിടിവി നിരീക്ഷണവും കർശനമാക്കിയിരുന്നു.
സംഭവം പ്രാദേശികമായി വലിയ ചർച്ചയായെങ്കിലും പരീക്ഷയുടെ സുതാര്യതയും അച്ചടക്കവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ട് ഹർഷ് ജ്യോതി ശുക്ല പറഞ്ഞു.
കുടിവെള്ളം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏക വിദ്യാർത്ഥിക്കായി സ്കൂളിൽ ഒരുക്കിയിരുന്നു. ജാർഖണ്ഡിൽ ഇത്തവണ ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്.










0 comments