ഇന്ദോറിലെ കൂട്ടമരണം: കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിലുണ്ടായ കൂട്ടമരണങ്ങൾക്ക് കാരണം കുടിവെള്ളത്തിലെ 'ഇ-കോളി' ബാക്ടീരിയയുടെ സാന്നിധ്യമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമ്മതിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതിയുള്ള ഇന്ദോറിലെ ഭഗീരഥ്പുര മേഖലയിലാണ് മലിനജലം കുടിച്ച് നിരവധി പേർ മരിച്ചത്.
സംഭവത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി. മേഖലയിലെ 51 കുഴൽക്കിണറുകളിൽ നടത്തിയ പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ചീഫ് സെക്രട്ടറി അനുരാഗ് ജയിൻ കോടതിയെ അറിയിച്ചു. സീവേജ് പൈപ്പുകൾ പൊട്ടി കുടിവെള്ളത്തിൽ കലർന്നതാണ് ദുരന്തത്തിന് വഴിവെച്ചത്.
പൊതുശൗചാലയങ്ങളിൽ നിന്നുള്ള മാലിന്യവും ജലസ്രോതസ്സുകളിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇത്രയും വലിയ ദുരന്തം എങ്ങനെ സംഭവിച്ചു.
മലിനജലം വിതരണം ചെയ്തതിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞു. കേസ് അടുത്ത ജനുവരി 28-ന് വീണ്ടും പരിഗണിക്കും.
മരണസംഖ്യ സംബന്ധിച്ച് സർക്കാർ നൽകുന്ന കണക്കുകളും പ്രാദേശിക വാസികളുടെ ആരോപണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഏഴ് പേർ മരിച്ചെന്നാണ് സർക്കാർ സത്യവാങ്മൂലം, എന്നാൽ 24 പേർ മരിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
മെഡിക്കൽ കോളേജ് നടത്തിയ ഓഡിറ്റിൽ 15 മരണങ്ങൾ ജലമലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ കോടതി ഉത്തരവ് മാറ്റിവെച്ചു. നിലവിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments