തലസ്ഥാനം തണുപ്പിൽ തന്നെ; ഡൽഹിയിൽ ഫെബ്രുവരിയിലും താപനില കുറയുന്നു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഫെബ്രുവരി മാസത്തിന്റെ തുടക്കം കനത്ത തണുപ്പോടെ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരിയിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 24.6 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 26.2 ഡിഗ്രി സെൽഷ്യസായിരുന്നു. നഗരത്തിലെ കുറഞ്ഞ താപനില 12.1 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.
ഇത് സാധാരണ താപനിലയേക്കാൾ 3.7 ഡിഗ്രി കൂടുതലാണെങ്കിലും വടക്കേ ഇന്ത്യയിൽ തുടരുന്ന ശീതക്കാറ്റും മൂടൽമഞ്ഞും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. സഫ്ദർജംഗ് ഒബ്‌സർവേറ്ററിയിലാണ് ഏറ്റവും ഉയർന്ന താപനില (24.6°C) രേഖപ്പെടുത്തിയത്.
പാലം (22.6°C), അയനഗർ (23.6°C) എന്നിവിടങ്ങളിലും താപനിലയിൽ മാറ്റമുണ്ടായി. തണുപ്പിനൊപ്പം ഡൽഹിയിലെ വായു മലിനീകരണവും ആശങ്കാജനകമായി തുടരുകയാണ്. ശരാശരി വായുനിലവാര സൂചിക 265 രേഖപ്പെടുത്തി 'മോശം' വിഭാഗത്തിലെത്തി.
ചിലയിടങ്ങളിൽ ഇത് 315 കടന്ന് 'വളരെ മോശം' എന്ന അവസ്ഥയിലായി. വരും ദിവസങ്ങളിലും ഡൽഹിയിൽ ഇടത്തരം മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും താപനില 11 ഡിഗ്രി മുതൽ 21 ഡിഗ്രി വരെ മാറിക്കൊണ്ടിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
അതിനിടെ, കാശ്മീരിലും ഹിമാചൽ പ്രദേശിലും പുതിയ മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടു. ഗുൽമാർഗിൽ താപനില മൈനസ് 7 ഡിഗ്രി വരെ താഴ്ന്നു. വടക്കേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും തണുപ്പ് തുടരുകയാണ്.











0 comments