മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ 2025-ൽ പിടിച്ചെടുത്തത് 36 ലക്ഷം ലിറ്റർ മദ്യം; ഒന്നേകാൽ ലക്ഷം പേർ അറസ്റ്റിൽ

പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിച്ചെടുത്തത് 36.3 ലക്ഷം ലിറ്റർ മദ്യമെന്ന് പോലീസ് റിപ്പോർട്ട്. നിയമം ലംഘിച്ചതിന് 1,25,456 പേരെയാണ് 2025-ൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2024-നെ അപേക്ഷിച്ച് അറസ്റ്റിലായവരുടെ എണ്ണത്തിൽ മൂന്ന് ശതമാനം വർധനയുണ്ടായതായി ഡിജിപി അറിയിച്ചു. പിടിച്ചെടുത്ത മദ്യത്തിൽ 18.99 ലക്ഷം ലിറ്റർ വിദേശമദ്യവും 17.39 ലക്ഷം ലിറ്റർ നാടൻ വ്യാജമദ്യവുമാണ്.
അനധികൃത മദ്യക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിഹാർ പൊലീസ് 38 പ്രത്യേക ഓപ്പറേഷനുകൾ നടത്തി.
2016 മുതലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കിയത്. എന്നാൽ നിയമം കർശനമായിട്ടും സംസ്ഥാനത്തേക്ക് മദ്യം ഒഴുകുന്നത് തുടരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മദ്യക്കടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ വർഷം വലിയ തോതിലുള്ള വ്യാജമദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നും പൊലീസ് വ്യക്തമാക്കി.










0 comments