ഡൽഹി നിയമസഭയിൽ ബോംബ് ഭീഷണി; ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് സുരക്ഷാ ആശങ്ക; പരിശോധന തുടരുന്നു

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ സ്പീക്കറുടെയും നിയമസഭയുടെയും ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രി രേഖാ ഗുപ്ത ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഉണ്ടായ ഈ സംഭവം തലസ്ഥാന നഗരത്തെ അതീവ ജാഗ്രതയിലാക്കി.
ഖാലിസ്ഥാൻ റെഫറണ്ടത്തെ പിന്തുണയ്ക്കുന്ന 'ഖാലിസ്ഥാനി നാഷണൽ ആർമി' എന്ന ഗ്രൂപ്പാണ് സന്ദേശത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ചൊവ്വാഴ്ച രാവിലെ 7:28-ന് നിയമസഭയുടെ ഇമെയിലിലും 7:49-ന് സ്പീക്കറുടെ ഇമെയിലിലുമാണ് സന്ദേശങ്ങൾ എത്തിയത്. നിയമസഭാ മന്ദിരത്തിന് പുറമെ സമീപത്തെ വിധാൻ സഭ മെട്രോ സ്റ്റേഷനും തകർക്കുമെന്ന് സന്ദേശത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ തരഞ്ജിത് സിംഗ് സന്ധു, മുഖ്യമന്ത്രി രേഖാ ഗുപ്ത തുടങ്ങിയവരുടെ പേരുകളും ഇമെയിലിൽ പരാമർശിച്ചിട്ടുണ്ട്. സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് ഡിസ്പോസൽ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
നിലവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സുരക്ഷ ശക്തമാക്കിയതായും ഡിസിപിഅറിയിച്ചു. ഭീഷണി നിലനിൽക്കെ തന്നെ കനത്ത സുരക്ഷയിൽ ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി രേഖാ ഗുപ്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയാണ്.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയിൽ സ്പീക്കർക്കും സഭയ്ക്കും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് ഭീഷണി ലഭിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്.










0 comments