ഫാസ്റ്റാഗിൽ പണമില്ലെങ്കിൽ പണി പാളും; ഇരട്ടി ചാർജ് ഈടാക്കാൻ കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : ഇന്ത്യയിലെ ദേശീയപാതകളിൽ നിന്ന് ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന നിതിൻ ഗഡ്കരിയുടെ വാക്ക് കേട്ട് ആരും സന്തോഷിച്ചവർക്ക് എട്ടിന്റെ പണിയാണ് പിന്നാലെ വരുന്നത്. തടസരഹിത ടോൾ പിരിവിനായി പുതിയ സംവിധാനത്തിലൂടെ ടോൾ അടക്കാതെ കുടിശിക വരുത്തിയാൽ യഥാർഥ ടോൾ തുകയുടെ ഇരട്ടി ഫീസ് നൽകേണ്ടി വരും.
റോഡിൽ തടസമുണ്ടാകതെ ടോൾ പിരിക്കുന്നതിനായി ഫ്രീ ഫ്ലോ സംവിധാനം അവതരിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പരീക്ഷണ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്. ഈ സംവിധാനം പൂർണമായും നടപ്പാക്കുന്നതിനായി ടോൾ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
ടോൾ നൽകാതെ നിയമങ്ങളിൽ നിന്ന് രക്ഷപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ടോൾ അടക്കാത്ത വാഹനങ്ങൾക്ക് ഇ-നോട്ടീസ് നൽകൽ, ടോൾ നിരക്കിന്റെ ഇരട്ടി പിഴ ഈടാക്കൽ, വാഹൻ ഡാറ്റാബേസ് വഴിയുള്ള കർശന നിരീക്ഷണം തുടങ്ങി ടോൾ പിരിക്കുന്ന കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
ടോൾ വെട്ടിക്കുന്നത് തടയാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കർശനമായ പരിശോധനയാണ് വരാൻ പോകുന്നത്. വിദേശ രാജ്യങ്ങളിലേതുപോലെ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന പുതിയ രീതിയിലൂടെ തുക കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധിക്കും.
പുതിയ നിയമപ്രകാരം ഫാസ്റ്റാഗിൽ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ, ഫാസ്റ്റാഗിന് ഉണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോൾ അടക്കാതിരുന്നാലും, ക്യാമറകളോ സെൻസറുകളോ വഴി വാഹനം കടന്നുപോയതായി രേഖപ്പെടുത്തിയിട്ടും അക്കൗണ്ടിൽ നിന്ന് പണം ഈടാക്കാൻ കഴിഞ്ഞില്ലെങ്കിലും അൺപെയ്ഡ് ടോൾ ആയി കണക്കാക്കും.
ടോൾ നൽകാത്തവർക്ക് ഫോണിലോ ഇമെയിലിലോ ഇ-നോട്ടീസ് ലഭിക്കും. എവിടെ വെച്ചാണ് ടോൾ നൽകാതെ പോയത് എന്നതിനെക്കുറിച്ച് വ്യക്തമായ കാര്യങ്ങൾ നോട്ടീസിൽ ഉണ്ടാകും. ഇ-നോട്ടീസ് ലഭിച്ച് ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ (3 ദിവസം) അധികചാർജുകൾ ഇല്ലാതെ ടോൾ അടക്കാം. നിശ്ചിത സമയപരിധിക്കകം ടോൾ അടച്ചില്ലെങ്കിൽ ടോൾ തുകയുടെ ഇരട്ടി നൽകേണ്ടി വരും.
ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. സമയനഷ്ടമില്ലാതെ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കാനാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നതെങ്കിലും ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വരാനിരിക്കുന്നത്.










0 comments