നാഷണൽ ഹെറാൾഡ് അഴിമതി; സോണിയക്കും രാഹുലിനുമെതിരെ കേസെടുത്ത് ഡൽഹി പൊലീസും


സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:15 AM | 1 min read
ന്യൂഡൽഹി
: നാഷണൽ ഹെറാൾഡ് അഴിമതിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരായി പുതിയൊരു കേസ് കൂടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന്റെ നിർദേശപ്രകാരം ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ക്രിമിനൽ ഗൂഢാലോചയ്‌ക്ക് സോണിയനാഷണൽ ഹെറാൾഡ് അഴിമയും രാഹുലുമടക്കം ആറുപേർക്കെതിരെ കേസെടുത്തത്. സോണിയക്കും രാഹുലിനും പുറമെ സാം പിത്രോദ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി, അജ്‌ഞാതനായ മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ്.
നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥത കൈയാളിയ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ), സോണിയയും രാഹുലും ഉൾപ്പെട്ട യങ് ഇന്ത്യൻ കമ്പനി, കൊൽക്കത്തയിലെ ഡോടെക്‌സ് മെർക്കന്റൈസ് ലിമിറ്റഡ് എന്നീ കമ്പനികളെയും പ്രതിചേർത്തു.
എജെഎല്ലിനെ യങ് ഇന്ത്യൻ കമ്പനി ഗൂഢാലോചനയിലൂടെ വഴിവിട്ട നിലയിൽ സ്വന്തമാക്കിയെന്നാണ് കേസ്. ഇതിനായി ഡോടെക്‌സ് എന്ന വ്യാജകമ്പനി യങ് ഇന്ത്യൻ എന്ന നോൺപ്രോഫിറ്റ് കമ്പനിക്ക് ഒരു കോടി രൂപ നൽകി. ഇതിൽ 50 ലക്ഷം എജെഎല്ലിന് നൽകിക്കൊണ്ട് നാഷണൽ ഹെറാൾഡും അതിന്റെ രണ്ടായിരം കോടിയുടെ ആസ്‌തിയും സ്വന്തമാക്കിയെന്നാണ് കേസ്.
ഇഡി നിർദേശപ്രകാരം ഒക്‌ടോബർ മൂന്നിനാണ് ഡൽഹി പൊലീസ് കേസെടുത്ത്. ഇഡി അന്വേഷണ റിപ്പോർട്ട് ഡൽഹി പൊലീസുമായി പങ്കുവച്ചിരുന്നു.
അതേസമയം, നാഷണൽ ഹെറാൾഡ് ഇടപാടിലെ ഇഡി കേസിൽ വിധി പുറപ്പെടുവിക്കുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് എടുത്ത കേസിന്റെ വിശദാംശം പുറത്തുവന്നത്. നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇഡിക്ക് പുറമെ ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. നാഷണൽ ഹെറാൾഡിനെ സ്വന്തമാക്കിയ യങ് ഇന്ത്യന്റെ 72 ശതമാനം ഓഹരിയും സോണിയയുടെയും രാഹുലിന്റെയും പേരിലാണ്.









0 comments