print edition നാഷണൽ ഹെറാൾഡ് കേസ്: ഡി കെ ശിവകുമാറിന് ഡൽഹി പൊലീസ് നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ സാമ്പത്തികകുറ്റാന്വേഷണ വിഭാഗം നോട്ടീസയച്ചു. സഹോദരനും മുൻ എംപിയുമായ ഡി കെ സുരേഷിനും നോട്ടീസുണ്ട്. കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ ഉടമയായ യങ് ഇന്ത്യൻ കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ആരാഞ്ഞാണ് നോട്ടീസ്.
സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിസ്ഥാനത്തുള്ള നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ഡി കെ ശിവകുമാറിനെയും സഹോദരനെയും ചോദ്യം ചെയ്‌തിരുന്നു. ഇഡിയുടെ പരാതിപ്രകാരമാണ് ഡൽഹി പൊലീസ് പ്രത്യേക കേസെടുത്തത്.
യങ് ഇന്ത്യൻ പണം നൽകിയതിന്റെ ഉദ്ദേശ്യം, യങ് ഇന്ത്യനുമായി ബന്ധമുള്ള ഏതെങ്കിലും വ്യക്തിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ, കൈമാറിയ പണത്തിന്റെ സ്രോതസ്സ്, പണം നൽകിയതിന് പകരമായി നിക്ഷേപ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നോ, ആദായനികുതി റിട്ടേണിലും മറ്റും ഇടപാട് വ്യക്തമാക്കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിശദമാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. 19നകം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. അവഹേളനം ലക്ഷ്യമിട്ടാണ് ഡൽഹി പൊലീസ് നോട്ടീസെന്ന് ശിവകുമാർ പ്രതികരിച്ചു.










0 comments