ad
Deshabhimani

കാമുകനുമായുള്ള ലൈവ് വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി; മരണശേഷവും 23 മിനിറ്റ് കോൾ തുടർന്ന് യുവാവ്

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Sep 23, 2026, 05:32 PM | 1 min read

നാഗ്പൂർ: കാമുകനുമായുള്ള ലൈവ് വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. യുവതി മരണപ്പെട്ട ശേഷവും 23 മിനിറ്റോളം യുവാവ് വീഡിയോ കോൾ കട്ടാക്കാതെ നോക്കിനിൽക്കുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിച്ചു.


2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. അമരാവതി സ്വദേശിയായ 34കാരനായ പ്രതി പൂനെയിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അമരാവതി സ്വദേശിനിയായ യുവതി, നാഗ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.


മുൻപ് യുവാവ് യുവതിയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തിയിരുന്നുവെങ്കിലും ഇയാളുടെ കുടുംബം ബന്ധത്തെ എതിർത്തു. എന്നാൽ ഈ വിവരം മറച്ചുവെച്ച യുവാവ്, യുവതിയെ കാണുന്നത് തുടരുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. നൽകിയ വാഗ്ദാനം പാലിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ, തനിക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.


തുടർന്ന് ഞായറാഴ്ചയാണ് താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് മുന്നറിയിപ്പ് നൽകി യുവതി അവസാനമായി വീഡിയോ കോൾ ചെയ്തതും ജീവനൊടുക്കിയതും. വിവാഹം കഴിക്കാമെന്ന് പലതവണ വാഗ്ദാനം നൽകി യുവാവ് ഇവരെ ശാരീരികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.


"യുവതി ജീവനൊടുക്കുന്നത് തടയാനോ അവരെ രക്ഷിക്കാനോ യുവാവ് യാതൊരു ശ്രമവും നടത്തിയില്ല. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ഒരു ടീമിനെ പൂനെയിലേക്ക് അയച്ചിട്ടുണ്ട്," പൊലീസ് ഉദ്യോഗസ്ഥനായ സായ്‌നാഥ് റാമോഡ് പറഞ്ഞു.


(ശ്രദ്ധിക്കുക: നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ കടുത്ത മാനസിക വിഷമതകളോ പ്രയാസങ്ങളോ അനുഭവിക്കുന്നുണ്ടെങ്കിൽ, ദയവായി സഹായം തേടുക. പിന്തുണയ്ക്കായി ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 / 0471-2552056 എന്നതിലോ, ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ നമ്പറായ 14416 എന്നതിലോ ബന്ധപ്പെടാം.)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home