സ്വരമാധുരി മടങ്ങി... ആശ ഭോസ്‍ലെയ്ക്ക് വിട ചൊല്ലി രാജ്യം

ആശ ഭോസ്‍ലെയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നു. photo credit: ANI Video screenshot
മുംബൈ : വിഖ്യാത ഗായിക ആശാ ഭോസ്‌ലെയ്ക്ക് വിട ചൊല്ലി രാജ്യം. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ഹൃദയ, ശ്വാസകോശ അസുഖങ്ങളെ തുടർന്ന് മുംബൈ ബ്രീച്ച്‌കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു പ്രിയഗായികയുടെ അന്ത്യം.
ഇന്ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ലോവർ പരേലിലെ വസതിയായ 'കാസ ഗ്രാൻഡെ'യിൽ പൊതുദർശനം നടന്നു. സിനിമ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ആശാ ഭോസ്‌ലെയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം ലോവർ പരേലിലെ വസതിയിൽ നിന്ന് ദാദറിലെ ശിവാജി പാർക്ക് ശ്മശാനത്തിലേക്ക് യാത്ര തിരിച്ചപ്പോൾ വഴിയിലുടനീളം പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ജനങ്ങൾ തടിച്ചുകൂടി.

എട്ടുപതിറ്റാണ്ട് നീണ്ട് സുദീർഘമായ സംഗീതയാത്രയിൽ വിവിധ ഭാഷകളിലായി 12,000ത്തോളം ഗാനങ്ങൾ സമ്മാനിച്ചാണ് ആശാ ഭോസ്‌ലേ മടങ്ങിയത്. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപ്റ്റംബർ 8-ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ആശ ജനിച്ചത്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കരിന്റെ സഹോദരിയാണ്. 1943ൽ 10ാം വയസിൽ മറാഠി ചിത്രമായ ‘മാത്സാബാലി’ലെ ‘ചലാ ചലാ നവബാലാ’ എന്ന ഗാനത്തിലാണ് ആശയുടെ സ്വരം ആദ്യമായി റെക്കോർഡ് ചെയ്‌തത്. 1948ൽ ‘ചുനരിയ’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറി. ‘സിഐഡി ’ ((1956) ‘നയാദോർ’ (1957) എന്നീ സിനിമകളിൽ ഒ പി നയ്യാർ ഇൗണമിട്ട ഗാനങ്ങൾ സൂപ്പർ ഹിറ്റായതോടെ ബോളിവുഡിൽ ആശാ ഭോസ്‌ലേ യുഗം ആരംഭിച്ചു.
ആർ ഡി ബർമൻ, എ ആർ റഹ്മാൻ, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകരുടെയെല്ലാം ഇഷ്ട ഗായികയായിരുന്നു ആശാ ഭോസ്‍ലെ. 1995ൽ 'രംഗീല'യിലൂടെ റഹ്മാൻ ആശാ ഭോസ്‍ലെയെ തിരിച്ചുകൊണ്ടുവന്നപ്പോൾ 62-ാം വയസ്സിലും ഹിറ്റ് ചാർട്ടുകളിൽ അവർ ഇടംപിടിച്ചു. മലയാളത്തിൽ 'സുജാത' എന്ന ചിത്രത്തിലെ 'സ്വയംവര ശുഭദിന മംഗളങ്ങൾ' എന്ന ഗാനം അനശ്വരമാക്കി. സംഗീത ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്റ്റുഡിയോ റെക്കോർഡിംഗുകൾ നടത്തിയ ആർട്ടിസ്റ്റ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ആശാ ഭോസ്‍ലെയ്ക്ക് സ്വന്തമാണ്. ഗ്രാമി പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്.

ശാസ്ത്രീയ സംഗീതം, ഗസൽ, ഭജൻ, പോപ്പ്, ഖവാലി എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രാവീണ്യം തെളിയിച്ചു. ഹിന്ദിക്ക് പുറമെ 20ലധികം ഭാഷകളിൽ പാടിയിട്ടുണ്ട്. ഒ പി നയ്യാർ, സച്ചിൻ ദേവ് ബർമ്മൻ, ആർ ഡി ബർമൻ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം അനശ്വരമായ നിരവധി ഗാനങ്ങളുടെ ഭാഗമായി. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത കലാകാരിയായി 2011-ൽ അംഗീകരിക്കപ്പെട്ടു. 2013-ൽ 'മായി' എന്ന ചിത്രത്തിലൂടെ 79-ാം വയസിൽ നായികയായി അരങ്ങേറ്റം കുറിച്ചു.
1981ൽ 'ഉംറാവോ ജാൻ' (ഗസലുകൾ), 1987ൽ 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ്, 2008ൽ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചു. ഒമ്പത് ഫിലിംഫെയർ അവാർഡുകൾ (ലൈഫ് ടൈം അച്ചീവ്മെന്റ് ഉൾപ്പെടെ), രണ്ട് ഗ്രാമി നോമിനേഷനുകൾ എന്നിവ ലഭിച്ചിട്ടുണ്ട്.











0 comments