print edition ആയിരങ്ങൾ തെരുവിൽ; മുംബൈയില്‍ നിരോധനാജ്ഞ

ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ച് മുംബൈ ശിവജി പാർക്കിൽ സംഘടിച്ചവർ
മുംബൈ: ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യമേകി മുംബൈയിലും ആയിരങ്ങൾ തെരുവില്‍. കള്ളക്കേസെടുത്തും ക്രൂരമര്‍ദനത്തിലൂടെയും പ്രക്ഷോഭം അടിച്ചമർത്താനാണ് പൊലീസിന്റെ നീക്കം. ആയിരത്തോളം പേർക്കെതിരെ കള്ളക്കേസെടുത്തു. ശിവാജി പാർക്ക്, ചെമ്പൂർ എന്നിവിടങ്ങളിൽ പൊലീസ് ആക്രമണം അഴിച്ചുവിട്ടു. ആഗസ്‌ത് ആറുവരെ നഗരത്തില്‍ നിരോധനാജ്ഞ ഏർപ്പെടുത്തി.
പ്രക്ഷോഭകരുടെ വീടുകയറി പൊലീസ് ഭീഷണി തുടരുകയാണ്. സമരത്തിൽ മക്കളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന നോട്ടീസും രക്ഷിതാക്കൾക്ക് നൽകി. അനുവാദമില്ലാതെ ഫോണുകൾ പരിശോധിക്കുന്നുമുണ്ട്. വീട്ടിലാണെന്ന് ഉറപ്പാക്കാന്‍ വാട്സാപ്പ് ലൈവ് ലൊക്കേഷൻ പങ്കുവയ്‌ക്കാനും നിർബന്ധിക്കുന്നുണ്ട്. പ്രക്ഷോഭം ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. പൊലീസ് അതിക്രമം തുടരുന്നതിനിടെയും കോളേജുകൾ ബഹിഷ്‌കരിച്ചും ജോലിയില്‍നിന്ന് അവധിയെടുത്തും വിദ്യാർഥികളും യുവാക്കളും സമരവേദികളിലേക്ക് പ്രവഹിക്കുകയാണ്.
ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണി
പ്രതിഷേധിക്കുന്ന വിദ്യാർഥികളെ ലഹരിക്കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണി. വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് വാന്‍ ഡ്രൈവറായ കോൺസ്റ്റബിള്‍ ഭീഷണിമുഴക്കുന്ന വീഡിയോ പുറത്തുവന്നു. ‘വീണ്ടും സമരത്തിനിറങ്ങിയാൽ അമ്പത് ഗ്രാം ലഹരിമരുന്ന് കൈയിൽവച്ച് കേസെടുത്ത് ജയിലിലാക്കും. ജാമ്യം പോലും ലഭിക്കില്ല. നിന്റെയൊക്കെ ജീവിതം തുലയും’ എന്നാണ് സിയോൺ പൊലീസ് സ്റ്റേഷനിലെ പവൻ സാങ്‌ലേയുടെ ഭീഷണി. പ്രതിഷേധമുയർന്നതോടെ കോൺസ്റ്റബിളിനെ സ്ഥലംമാറ്റിയെന്ന് പൊലീസ് അറിയിച്ചു.










0 comments