മുംബൈയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്, ട്രെയിൻ സർവീസുകൾ തടസപ്പെട്ടു

മുംബൈ : മുംബൈയിൽ കനത്ത മഴ തുടരുന്നു. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. ജനജീവിതം സ്തംഭിച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഇന്ന് മുംബൈയിലെ എല്ലാ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. സ്കൂളുകളും കോളേജുകളും അടച്ചു.
സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നഗരത്തിലും മറ്റ് പ്രദേശങ്ങളിലും തുടർച്ചയായി കനത്ത മഴ പെയ്തതോടെ ഐഎംഡി റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി.
അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുംബൈ പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയുടെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. കിഴക്കൻ പ്രദേശമായ വിക്രോളിയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 255.5 മില്ലിമീറ്റർ.
മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ എല്ലാ സീനിയർ കോളേജുകൾക്കും ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് അവധി പ്രഖ്യാപിച്ചു. പാൽഘർ, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിലെ കോളേജുകൾക്ക് ഉത്തരവ് ബാധകമാണ്.
ബോറിവാലി, അന്ധേരി, സിയോൺ, ദാദർ, ചെമ്പൂർ എന്നിവയുൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും രാത്രി മുഴുവൻ കനത്ത മഴ പെയ്തു. രാവിലെയും മഴ തുടർന്നതോടെ ഗാന്ധി മാർക്കറ്റ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുംബൈ സെൻട്രൽ, പരേൽ, ഗ്രാന്റ് റോഡ്, മലബാർ ഹിൽ, ദാദർ, വോർളി തുടങ്ങിയ പ്രദേശങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ 40 മുതൽ 65 മില്ലിമീറ്റർ വരെ മഴ പെയ്തു. ഇതോടെ പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.
ദാദർ, മാട്ടുംഗ, പരേൽ, സിയോൺ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതായി ആളുകൾ പരാതിപ്പെട്ടു. ഹിന്ദ്മാത, അന്ധേരി സബ്‌വേ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ, മുംബൈ-ഗുജറാത്ത് ഹൈവേ, ഈസ്റ്റേൺ ഫ്രീവേ എന്നിവയുടെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈ സബർബൻ നെറ്റ്‌വർക്കിലെ അംബിവാലി, ഷഹാദ് സ്റ്റേഷനുകൾക്കിടയിലുള്ള സിഗ്നലിങ് സംവിധാനത്തിൽ പുലർച്ചെ സാങ്കേതിക തകരാർ ഉണ്ടായതും സർവീസുകൾ തടസപ്പെടാൻ കാരണമായി.
മോശം കാലാവസ്ഥ കാരണം സബ് അർബൻ സർവീസുകൾ വൈകിയാണ് ഓടുന്നതെന്ന് വെസ്റ്റേൺ റെയിൽവേ വക്താവ് പറഞ്ഞു. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് മിഥി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 350 പേരെ മാറ്റിപ്പാർപ്പിച്ചു. മുംബൈയിലെ കുർള പ്രദേശത്തുനിന്ന് ഏകദേശം 350 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മിഥി നദിക്ക് സമീപമുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക മേഖലകളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മിഥി നദിയിലെ ജലനിരപ്പ് ഇതുവരെ അപകടനിലയായ 4.2 മീറ്റർ കടന്നിട്ടില്ല. രാവിലെ ജലനിരപ്പ് 3.9 മീറ്ററായിരുന്നെങ്കിലും ഉച്ചയോടെ 3.7 മീറ്ററായി താഴ്ന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.










0 comments