ad
Deshabhimani

ബംഗളൂരുവിൽ 5 വയസ്സുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന് പരാതി; സംഭവം പുറത്തറിയുന്നത് 3 മാസത്തിന് ശേഷം

priyanka kild 5 yo
വെബ് ഡെസ്ക്

Published on Jun 06, 2026, 04:21 PM | 1 min read

ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി പിതാവ്. കുട്ടി മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വിവരം പുറത്തറിയുന്നത്. ദാവൻഗരെ സ്വദേശിയായ പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകൻ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ പ്രിയങ്ക ഒളിവിലാണ്.


കഴിഞ്ഞ മാർച്ച് 24-നാണ് പ്രവീണിന്റെയും പ്രിയങ്കയുടെയും ഇളയ മകളായ വെന്നില മരിക്കുന്നത്. 2007-ൽ വിവാഹിതരായ പ്രവീണിനും പ്രിയങ്കയ്ക്കും 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണുള്ളത്. ഏതാനും വർഷങ്ങൾക്കു മുൻപ് കോളേജ് സുഹൃത്തായ മോഹനുമായി പ്രിയങ്ക വീണ്ടും സൗഹൃദത്തിലാവുകയും പിന്നീട് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇതേച്ചൊല്ലി പ്രവീണുമായി തർക്കങ്ങൾ നിലനിന്നിരുന്നതിനെ തുടർന്ന് പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. പ്രവീണിനെ പിരിഞ്ഞ് മോഹനോടൊപ്പം താമസിക്കാൻ പോയ പ്രിയങ്ക ഇളയ മകൾ വെന്നിലയെയും ഒപ്പം കൂട്ടിയിരുന്നു.


മാർച്ച് 24-ന് കുട്ടി പെട്ടെന്ന് മരണപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയിരുന്നത്. കുട്ടിക്ക് ബിരിയാണി വാങ്ങി നൽകിയെന്നായിരുന്നു ആദ്യം പറഞ്ഞത്. മറ്റൊരവസരത്തില്‍ ഐസ്ക്രീം നൽകിയ ശേഷം എസി കാറിൽ ഉറക്കാൻ കിടത്തിയെന്നും ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ കുട്ടി മരിച്ച നിലയിലായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ വാദം.


കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിദേശത്തുള്ള ഡോക്ടറായ തന്റെ ബന്ധുവിന് പ്രവീൺ അയച്ചു നൽകിയതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം ഉയർന്നത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രവീണിന് സംശയമുണ്ടായി. തുടർന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്.


ഒളിവിലുള്ള പ്രിയങ്കയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നാലേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home