ഒമാനിൽ കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു, നടപടിക്ക് തയാറായത് കുടുംബം കോടതിയെ സമീപച്ചപ്പോൾ

മുംബൈ: പശ്ചിമേഷ്യൻ സംഘര്‍ഷത്തിനിടെ ഒമാൻ തീരത്തുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ ദീക്ഷിത് സോളങ്കിയുടെ (25) മുംബൈയിലെത്തിച്ചു. ഒരുമാസത്തോളം നീണ്ട കുടുംബത്തിന്റെ അനിശ്ചിതമായ കാത്തിരിപ്പിന് ഒടുവിലാണ് മൃതദേഹം എത്തിയത്. നാഷണൽ യൂണിയൻ ഓഫ് സീഫിയറേഴ്സ് ഓഫ് ഇന്ത്യ (NUSI) ആണ് ഇക്കാര്യം അറിയിച്ചത്.
ദീക്ഷിത് സോളങ്കിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് വ്യക്തമായ സഹായം ലഭിക്കുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് വകുപ്പുകൾ ഉണര്‍ന്ന് നടപടികൾക്ക് തയാറായത്.
തിങ്കളാഴ്ച മുംബൈ വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ എത്തിയ ഭൗതികദേഹം ദീക്ഷിതിന്റെ പിതാവ് അമൃത്‌ലാൽ സോളങ്കിയും സഹോദരി മിതാലിയും ചേർന്ന് ഏറ്റുവാങ്ങി.
മാർച്ച് 4-ന് ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഇടിച്ചുകയറിയാണ് ദീക്ഷിത് കൊല്ലപ്പെട്ടത്. ദീക്ഷിത് സോളങ്കി ജോലി ചെയ്തിരുന്ന എംടി എംകെഡി വ്യോം (MT MKD Vyom) എന്ന കപ്പലാണ് തകര്‍ക്കപ്പെട്ടത്. മാർഷൽ ഐലൻഡ്‌സിന്റെ പതാകയുള്ള കപ്പൽ പ്രവര്‍ത്തനങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ഷിപ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (V Ships India Pvt Ltd) ആണ് നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇവരിൽ നിന്നോ സര്‍ക്കാരിൽ നിന്നോ സഹായം ലഭിച്ചില്ല.
സാന്ത്വന സന്ദേശം പോലും നൽകാതെ
കേന്ദ്ര സര്‍ക്കാരും വകുപ്പുകളും
വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദീക്ഷിതിന്റെ പിതാവും സഹോദരിയും മൂന്ന് ദിവസം മുൻപാണ് കോടതിയിൽ ഹർജി നൽകിയത്. ദീർഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മൃതദേഹം ബന്ധുക്കൾക്ക് ലഭിച്ചത്. സഹായം വൈകിയതിന് വിശദീകരണം ഒന്നുമുണ്ടായുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA). തുറമുഖം, കപ്പൽ ഗതാഗത മന്ത്രാലയം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് എന്നീ വകുപ്പുകളെ പ്രതിചേര്‍ത്താണ് അനാസ്ഥയ്ക്ക് എതിരെ കുടുംബം കോടതിയിൽ എത്തിയത്.
Related News
ഏകദേശം 59,000 മെട്രിക് ടൺ ഗ്യാസോലിനുമായി സഞ്ചരിക്കവെയാണ് ഒമാൻ തീരത്ത് വെച്ച് ഈ കപ്പലിന് നേരെ ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടുത്തമുണ്ടാവുകയും കപ്പൽ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ഇവയിൽ ഒന്നിലും കുടുംബത്തിന് വിവരങ്ങൾ ലഭിച്ചില്ല. ഔദ്യോഗിക ഇടപെടലും ഉണ്ടായില്ല. മുംബൈ ആസ്ഥാനമായ കമ്പനി നിയന്ത്രിക്കുന്ന കപ്പലായിട്ടും സഹായങ്ങൾ ലഭിച്ചില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ നിസ്സംഗത തുടര്‍ന്നതോടെയാണ് കുടുംബം കോടതി മുൻപാകെ എത്തിയത്.










0 comments