print edition ജന്തർ മന്തർ പ്രക്ഷോഭം; വെളിപ്പെട്ടത് മോദിയുടെ ഭയം

എം പ്രശാന്ത്
Published on Oct 11, 2026, 01:00 AM | 2 min read
ന്യൂഡൽഹി : രാജ്യതലസ്ഥാനം ശനിയാഴ്ച സാക്ഷിയായത് സമാനതകളില്ലാത്ത പൊലീസ്– കേന്ദ്രസേനാ അടിച്ചമർത്തലിന്. മോദി സർക്കാർ എത്രമാത്രം ദുർബലമായെന്ന തുറന്നുകാട്ടൽ കൂടിയാണിത്. ജനാധിപത്യ പ്രതിഷേധങ്ങളെ ഭയക്കുകയാണ് കേന്ദ്രസർക്കാർ. അടിയന്തരാവസ്ഥയെപോലും ലജ്ജിപ്പിക്കുംവിധമാണ് സമാധാനപരമായി പ്രതിഷേധിച്ച സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെയും മറ്റ് ഇടതുപക്ഷ വിദ്യാർഥി– യുവജന പ്രക്ഷോഭകരെയും സിജെപി പ്രവർത്തകരെയും പൊലീസും സൈന്യവും നേരിട്ടത്. നഗരമാകെ ബാരിക്കേഡുകൾ നിരത്തി. മെട്രോ റെയിൽ അടക്കമുള്ള ഗതാഗത സംവിധാനം വിലക്കി. ഇന്റർനെറ്റ് വിച്ഛേദിച്ചും മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചും അക്ഷരാർഥത്തിൽ ഡൽഹിയെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ജയിലറയാക്കി മാറ്റി. വിലക്കുകളെ ധീരമായി മറികടന്ന് ഒഴുകിപ്പടർന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭകർ ഒരു പകൽ മുഴുവൻ നഗരത്തെ സമരോജ്ജ്വലമാക്കി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധമാണ് ഇടതുപക്ഷസംഘടനകളും സിജെപിയും പ്രഖ്യാപിച്ചത്. ശത്രുസേനയെ നേരിടുംവിധം സജ്ജീകരണമാണ് പൊലീസും കേന്ദ്രസേനയും ഒരുക്കിയത്. വെള്ളി രാത്രിതന്നെ നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ അടച്ചു. ജന്തർമന്തറും പരിസരവും പൂർണ നിരോധിത മേഖലയാക്കി. വിദ്യാർഥി– യുവജന നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ മുൻകരുതൽ കസ്റ്റഡിയിലും തടങ്കലിലുമാക്കി.
എൺപതിനായിരത്തിലേറെ വരുന്ന ഡൽഹി പൊലീസിന് പിൻബലമേകാൻ കാൽലക്ഷത്തോളം കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി പൊലീസിനെയും കേന്ദ്രസേനകളെയും നിയന്ത്രിക്കുന്നത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. നിലവിലെ അടിച്ചമർത്തൽ നടപടി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമെന്ന് വ്യക്തം.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം അനുവദിക്കില്ലെന്ന പിടിവാശിയിലാണ് മോദി സർക്കാർ. പ്രതിപക്ഷ ആവശ്യങ്ങളോട് പൂർണമായും മുഖംതിരിക്കുന്നു. ജനാധിപത്യമര്യാദ പ്രകാരം കൂടിയാലോചനകൾക്കും ഒരുക്കമല്ല. സായുധ സേനകളെ വിന്യസിച്ചുള്ള അടിച്ചമർത്തൽ ചുരുക്കം ദിവസങ്ങളിലേക്ക് സാധ്യമാണ്. ഗ്യാനേഷ് കുമാർ രാജിവെയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ പ്രഖ്യാപനം. ദീർഘകാല സ്വഭാവത്തിലുള്ളതാണ് നിലവിലെ സമരമെന്ന് വ്യക്തം. അടിച്ചമർത്തലും ദീർഘനാളത്തേക്ക് തുടർന്നാൽ അതിവേഗം ജനവിശ്വാസം നഷ്ടപ്പെട്ട് മോദി സർക്കാർ ഒറ്റപ്പെടും.
തുടർച്ചയായ അഴിമതികളും നിർഭയ സംഭവവുമെല്ലാം രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് സമാന സാഹചര്യം സൃഷ്ടിച്ചിരുന്നു. അന്നും അടിച്ചമർത്തൽ മാർഗമാണ് തുടക്കത്തിൽ കോൺഗ്രസ് സർക്കാർ സ്വീകരിച്ചത്. ഇടതുപക്ഷ പിന്തുണയിൽ ഒന്നാം യുപിഎ സർക്കാർ ആർജ്ജിച്ച ജനവിശ്വാസം വളരെവേഗം രണ്ടാം യുപിഎ സർക്കാരിന് കൈമോശം വന്നു. രണ്ടാം യുപിഎയുടെ അതേ പാതയിലാണ് മൂന്നാം മോദി സർക്കാരിന്റെ സഞ്ചാരം.









0 comments