റഷ്യൻ ക്രൂഡോയിൽ വെട്ടിക്കുറച്ചു , യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒരു മാസംകൊണ്ട് ഇരട്ടിയിലേറെ വർധന
print edition വിലകൂടിയ യുഎസ് എണ്ണയുടെ കുത്തൊഴുക്ക് ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി മോദി

എം പ്രശാന്ത്
Published on Nov 02, 2025, 03:45 AM | 2 min read
ന്യൂഡൽഹി
ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിയെ തുടർന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് അവസാനിപ്പിച്ച മോദി സർക്കാർ പകരം വില കൂടിയ അമേരിക്കൻ ക്രൂഡോയിൽ കൂടുതലായി ഇറക്കുമതി ചെയ്‌തു തുടങ്ങി. സെപ്‌തംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ നാലര ശതമാനം മാത്രമായിരുന്നു യുഎസ് ക്രൂഡോയിലെങ്കിൽ ഒക്‌ടോബറിൽ അമേരിക്കൻ എണ്ണയുടെ വിഹിതം 10.7 ശതമാനമായി ഉയർന്നു. അതായത്, ഒരു മാസം കൊണ്ട് ഇരട്ടിയിലേറെ വർധന.
അതേസമയം, റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പടിപടിയായി കുറയുകയാണ്. സെപ്‌തംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത ആകെ ക്രൂഡോയിലിന്റെ 34.1 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. എന്നാൽ, ഒക്‌ടോബറിൽ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതിയുടെ വിഹിതം 33.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്ന റോസ്‌നെഫ്‌റ്റ്, ലുകോയിൽ കമ്പനികൾക്കുമേൽ അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങി കഴിഞ്ഞു.
സ്വകാര്യ മേഖലയിലുള്ള റിലയൻസും പൊതുമേഖലയിലുള്ള ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗ്ലുരു റിഫൈ-നറീസ് തുടങ്ങിയ കമ്പനികളെല്ലാം റഷ്യയിൽ നിന്നുള്ള പുതിയ ഇറക്കുമതി ഓർഡറുകൾ നിർത്തി. റഷ്യൻ ക്രൂഡോയിലിന് പകരമായി യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെയും അമേരിക്കയെയും മറ്റും കൂടുതലായി ആശ്രയിക്കാനാണ് എണ്ണ കമ്പനികൾ ഒരുങ്ങുന്നത്.
കപ്പലുകൾ യാത്ര അവസാനിപ്പിച്ചു
റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് ക്രൂഡോയിലുമായി പുറപ്പെട്ട ചില കപ്പലുകൾ യുഎസ് ഉപരോധ പ്രഖ്യാപനത്തെ തുടർന്ന് യാത്ര അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. 7.3 ലക്ഷം ബാരൽ എണ്ണയുമായി ഒക്‌ടോബർ 20ന് റഷ്യയിൽ നിന്ന് പുറപ്പെട്ട ഫുരിയ എന്ന ടാങ്കർ യാത്ര അവസാനിപ്പിച്ച് നിലവിൽ ബാൽക്കൻ കടലിൽ തുടരുകയാണ്. നവംബർ പകുതിയോടെ ഗുജറാത്തിലെ സിക്ക തുറമുഖത്തായിരുന്നു കപ്പൽ അടുക്കേണ്ടിയിരുന്നത്.
യുഎസ് സമ്മർദത്തെ തുടർന്ന് റഷ്യൻ ക്രൂഡോയിൽ ഉപേക്ഷിച്ചത് ഇന്ത്യക്ക് സാമ്പത്തികമായി വലിയ ബാധ്യതയായി മാറുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ക്രൂഡോയിൽ ബാരലിന് മൂന്നു മുതൽ അഞ്ച് ഡോളർ വരെ ലാഭത്തിലാണ് ഇന്ത്യൻ എണ്ണകമ്പനികൾക്ക് ലഭിക്കുന്നത്. ഇത് നിർത്തി വില കൂടിയ യുഎസ് ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് ഗണ്യമായി വർധിപ്പിക്കും.










0 comments