print edition ഇതാ മോദി സർക്കാരിന്റെ നെറികേടിന്റെ കണക്ക്; കേന്ദ്രം നികത്താനുള്ളത് 8.23 ലക്ഷം ഒഴിവ്

എ ഐ നിർമിത ചിത്രം
ഭോപ്പാൽ: രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ചെറുവിരലനക്കാതെ മോദി സർക്കാർ വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിച്ചിട്ടിരിക്കുന്നത് 8.23 ലക്ഷം തസ്‌തിക. പൊതുമേഖലാ ബാങ്കുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഒഴികെയുള്ള കണക്കാണിത്.
റെയിൽവേ, പ്രതിരോധമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം മുതൽ രാഷ്ട്രപതിയുടെ സെക്രട്ടറിയറ്റിലും പ്രധാനമന്ത്രിയുടെ ഓഫീസിലുംവരെ തസ്‌തിക നികത്താനുണ്ടെന്ന് ഭോപ്പാൽ നീമച്ചിലെ സാമൂഹ്യപ്രവർത്തകൻ ചന്ദ്രശേഖർ ഗൗറിന് വിവരാവകാശരേഖപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. രാജ്യത്തെ യുവജനതയോട് ബിജെപി സർക്കാർ കാട്ടുന്ന നെറികേടിന്റെ കണക്കുകളാണ് ഇതിലൂടെ വെളിപ്പെട്ടത്.
2024 മാർച്ചിലെ കണക്കനുസരിച്ച് 39.23ലക്ഷം ജീവനക്കാർ വേണ്ടിടത്ത് 30.99ലക്ഷം പേരാണ് ആകെയുള്ളത്. അർഹരായ 21 ശതമാനം പേരുടെ അവസരമാണ് സർക്കാർ നശിപ്പിക്കുന്നത്. സർക്കാർ തന്നെ അനുവദിച്ച അഞ്ചിൽ കൂടുതൽ വരുന്ന ഓരോ തസ്തികയിലും ഒരു ജീവനക്കാരന്റെ കുറവുണ്ട്.
തന്ത്രപ്രധാനമായ പ്രതിരോധ മന്ത്രാലയത്തിൽ സൈനികരല്ലാതുള്ള ജീവനക്കാരുടെ 2.42 ലക്ഷം തസ്തികയാണ് നികത്താനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ റെയിൽവേയിൽ 2,40,125 പേരുടെ കുറവുണ്ട്. മൊത്തം ഒഴിവുകളുടെ ഏകദേശം 30 ശതമാനമാണിത്. ആഭ്യന്തര മന്ത്രാലയത്തിലെ 1.10ലക്ഷം ഒഴിവുകൂടി ചേർത്താൻ ഇൗ മൂന്ന് പ്രധാന സ്ഥാപനങ്ങളിലായി മാത്രം 5.93 ലക്ഷം പേർക്ക് നിയമനം കിട്ടാനുണ്ട്.
തപാൽ–61,546, റവന്യൂ–69,662, കൃഷി, കർഷകക്ഷേമം–1,855, മൃഗസംരക്ഷണ, ക്ഷീരവികസനം–1,378 പേരുടെ ഒഴിവ് നികത്താനുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ മൂന്നിലൊന്നും, പ്രധാനമന്ത്രിയുടെ ഓഫീസിൽ കാൽഭാഗത്തിലധികവും ഒഴിഞ്ഞുകിടക്കുന്നു.










0 comments