ad
Deshabhimani

കേന്ദ്ര പദ്ധതികൾ വെട്ടിക്കുറയ്‌ക്കാനും 
 ലയിപ്പിക്കാനുമുള്ള നീക്കവുമായി കേന്ദ്രസർക്കാർ കേന്ദ്രവിഹിതത്തിൽ മാറ്റംവരുത്തുന്നത്‌ 
 സാന്പത്തികഭാരം സംസ്ഥാനങ്ങളുടെ ചുമലിലാക്കും

print edition കേന്ദ്രപദ്ധതിക്ക്‌ കടുംവെട്ട്‌ ; വീണ്ടും ജനദ്രോഹവുമായി മോദിസർക്കാർ

modi government
വെബ് ഡെസ്ക്

Published on Jan 06, 2026, 02:43 AM | 1 min read


ന്യൂഡൽഹി

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച മോദിസർക്കാർ കൂടുതൽ കേന്ദ്ര പദ്ധതികളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും വെട്ടിക്കുറയ്‌ക്കുന്നു. ജനോപകാര പദ്ധതികൾ സാങ്കേതിക കാരണം പറഞ്ഞ്‌ അവസാനിപ്പിക്കാനും കേന്ദ്രസഹായമുള്ള പദ്ധതികളുടെ മുഴുവൻ സാന്പത്തികഭാരവും സംസ്ഥാനങ്ങളുടെ തലയിടാനുമാണ്‌ നീക്കം.


പദ്ധതികൾ വെട്ടിക്കുറയ്‌ക്കാനും ലയിപ്പിക്കാനുമുള്ള നടപടിക്ക്‌ കേന്ദ്ര ധനവിനിയോഗ വകുപ്പ്‌ തുടക്കമിട്ടു. കേന്ദ്രസർക്കാർ നിശ്ചയിച്ച മാനദണ്ഡം പ്രകാരമുള്ള ‘കാര്യക്ഷമതാപരീക്ഷ’ പാസാകാത്ത പദ്ധതികൾക്ക്‌ പണം മുടക്കേണ്ടതില്ലെന്നാണ്‌ തീരുമാനം. അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ഒരോ പദ്ധതിയുടെയും പുരോഗതിയും നേട്ടവും വിലയിരുത്തി തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതത്തിന്റെ കാര്യത്തിലും സാഹചര്യങ്ങളനുസരിച്ച്‌ മാറ്റം വരുത്തും. ഫലത്തിൽ, അത്തരം പദ്ധതികളുടെ സാന്പത്തികഭാരം സംസ്ഥാനങ്ങളുടെ ചുമലിലാകും.


വിവിധ പദ്ധതികൾക്ക്‌ ഒരോ ബജറ്റിലും കേന്ദ്രസർക്കാർ തുക വെട്ടിക്കുറയ്‌ക്കുന്നതിന്‌ പുറമേയാണ്‌‍ ഇ‍ൗ നീക്കം. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ കേന്ദ്രം കൊണ്ടുവന്ന വിബി ജിആർഎഎംജി പദ്ധതി പ്രകാരം 40 ശതമാനം ചെലവ്‌ സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. മാർച്ച്‌ 31ന്‌ 260 കേന്ദ്രപദ്ധതികളുടെയും 54 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കാലാവധി പൂർത്തിയാകും. ആരോഗ്യം, വിദ്യാഭ്യാസം, ശിശുക്ഷേമം, ഉന്നതവിദ്യാഭ്യാസം, ആദിവാസിക്ഷേമം, കുടിവെള്ളവിതരണം, ശുചിത്വം, നഗര–ഗ്രാമ അടിസ്ഥാന സ‍ൗകര്യ വികസനം, പരിസ്ഥിതി, ശാസ്‌ത്ര ഗവേഷണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ കാലാവധിയാണ്‌ പൂർത്തിയാകുന്നത്‌. ഏപ്രിൽ ഒന്ന്‌ മുതൽ പദ്ധതികൾക്ക്‌ പുതിയതായി അംഗീകാരം നൽകണം. അതിനുമുന്പ്‌ വെട്ടിക്കുറയ്‌ക്കാവുന്നതും ലയിപ്പിക്കാവുന്നതുമായ പരമാവധി പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറാൻ വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ധനവിനിയോഗ വകുപ്പ്‌ നിർദേശം നൽകി.


കേന്ദ്രപദ്ധതികളുടെ മുഴുവൻ ചെലവുകൾ വഹിക്കുന്നതും പദ്ധതി നടപ്പാക്കുന്നതും കേന്ദ്രസർക്കാരാണ്‌. കേന്ദ്രസഹായ പദ്ധതികളുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും നിശ്ചിത അനുപാതത്തിൽ ചെലവ്‌ പങ്കിടും. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്‌ സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്‌. നേരത്തെയും സമാനരീതിയിൽ പദ്ധതികളുടെ വെട്ടിക്കുറയ്‌ക്കലും ലയിപ്പിക്കലും നടത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home