print edition തിരിഞ്ഞുകൊത്തി മോദിയുടെ ‘ബങ്കിംദാ’ വിളി

ന്യൂഡൽഹി
വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുള്ള പാർലമെന്റിലെ പ്രത്യേക ചർച്ചയിലൂടെ ബംഗാൾ രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാമെന്ന സംഘപരിവാർ പ്രതീക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തകിടംമറിച്ചു. വന്ദേമാതരത്തിന്റെ കര്‍ത്താവ് ബങ്കിം ചന്ദ്ര ചാറ്റർജിയെ പ്രസംഗത്തിനിടെ ‘ബങ്കിംദാ’ എന്നാണ് മോദി വിശേഷിപ്പിച്ചത്.
‘ബങ്കിംബാബു’ എന്നാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്യേണ്ടതെന്ന് ബംഗാളിൽ നിന്നുള്ള ലോക്‌സഭാംഗം സൗഗത റോയ് തിരുത്തിയപ്പോഴാണ് മോദിക്ക് അബദ്ധം മനസിലായത്. പിശകുപറ്റിയെന്നും തിരുത്തിയതിൽ നന്ദിയുണ്ടെന്നും മോദി ഇളിഭ്യനായി പറഞ്ഞു.
ബംഗാളില്‍ ‘ദാദാ’ എന്നോ ‘ദാ’ എന്നോ മൂത്ത സഹോദരരെയും മുതിർന്നവരെയുയുമാണ് അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഏറെ ബഹുമാനിക്കേണ്ട സാംസ്‌കാരിക വ്യക്തിത്വങ്ങളെയും വിശിഷ്ടവ്യക്തികളെയും പേരിനൊപ്പം ‘ബാബു’ എന്ന് ചേർത്താണ് വിളിക്കുക. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളുകാർക്ക് ‘ബങ്കിം ബാബു’ ആണ്.
ആനന്ദബസാർ പത്രികയടക്കം ബംഗാളിലെ പ്രധാന മാധ്യമങ്ങൾ മോദിയുടെ ‘ബങ്കിംദാ’ സംബോധന പ്രധാന വാർത്തയാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. ‘ബങ്കിം ബാബു’വിനെ അപമാനിച്ച മോദി മാപ്പുപറയണമെന്ന ആവശ്യവും ബംഗാളില്‍ ശക്തമായി. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബംഗാളിൽ വന്ദേമാതരം വിഷയമാക്കി വർഗീയധ്രുവീകരണത്തിനുളള തീവ്രശ്രമത്തിലാണ് സംഘപരിവാര്‍.










0 comments