മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചു; യുപിയിൽ സർവേയ്ക്ക് പോയ ഗൂഗിൾ മാപ്പ് സംഘത്തിന് നേരെ ആക്രമണം

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർവേ നടത്തുകയായിരുന്ന ഗൂഗിൾ മാപ്പ് സംഘത്തിന് നേരെ ആക്രമണം. മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ സംഘത്തെ മർദിച്ചത്. രാത്രിയിൽ ക്യാമറ ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് സംഘം പ്രാദേശിക തെരുവുകളുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് നാട്ടുകാർ വളഞ്ഞിട്ടാക്രമിച്ചത്. ടെക് മഹീന്ദ്രയിൽ നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്ത ഗൂഗിൾ മാപ്പ് സംഘമാണ് ആക്രമിക്കപ്പെട്ടത്.
ഗൂഗിൾ മാപ്പിൽ ശരിയായ റൂട്ടുകൾ രേഖപ്പെടുത്താൻ റോഡുകളുടെ ഫോട്ടോകൾ എടുക്കുമ്പോഴാണ് സംഭവം. ക്യാമറ ഘടിപ്പിച്ച വാഹനം കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞു. സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഗൂഗിൽ മാപ്പ് സംഘത്തെയും നാട്ടുകാരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
മോഷ്ടാക്കളല്ലെന്നും ഗ്രാമത്തിന്റെ മാപ്പ് രേഖപ്പെടുത്തുകയാണെന്നും സംഘം പൊലീസിനെ അറിയിച്ചു. ക്യാമറകൾ സ്ഥാപിച്ച് മോഷണത്തിനായി വിവരങ്ങൾ ശേഖരിക്കുകയാണെന്നാണ് കരുതിയതെന്ന് നാട്ടുകാർ പറഞ്ഞു. സമീപകാലത്ത് ഈ പ്രദേശത്ത് നിരവധി മോഷണങ്ങൾ നടന്നിട്ടുണ്ടെന്നും അതിനാൽ മുൻകരുതൽ നടപടിയായാണ് സംഘത്തെ തടഞ്ഞതെന്നും നാട്ടുകാർ പറയുന്നു. ഗൂഗിൽ മാപ്പ് സംഘം ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ല.










0 comments