മണിപ്പൂരിൽ വീണ്ടും അസ്വസ്ഥത,ഗോത്ര വനിതയെ വിവാഹം ചെയ്തയാളെ തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊന്നു

ഇംഫാൽ:മണിപ്പൂരിൽ വീണ്ടും അസ്വസ്ഥതയുണര്‍ത്തി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ വെടിവെച്ച് കൊന്നു. മയാങ്ലംബം ഋഷികാന്ത സിംഗ് എന്നയാളെ ബുധനാഴ്ച തുയിബോംഗ് പ്രദേശത്തെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി നത്ജാങ് ഗ്രാമത്തിന് സമീപം വെടിവച്ചു കൊന്നതായി പൊലീസ് പറഞ്ഞു.
മെയ്തി സമുദായത്തിൽപ്പെട്ടവ്യക്തിയാണെങ്കിലു ഇദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിൽ കുക്കി വനിതയെ വിവാഹം ചെയ്ത് ജീവിതം നയിച്ചു വരികയായിരുന്നു. കാക്കിംഗ് ജില്ലയിലെ കാക്കി ഖുനൗവിൽ നിന്നുള്ള വ്യക്തിയാണ് മെയ്തി വിഭാഗക്കാരനായ സിംഗ്. ചുരാചന്ദ്പൂരിൽ സ്ഥിര താമസമാക്കി കുക്കി വനിതയായ ചിങ്നു ഹാവോകിപ്പിനെ വിവാഹം കഴിച്ചു. ജിൻമിൻതാങ് എന്ന ഗോത്ര നാമവും സ്വീകരിച്ചിരുന്നു. ഗോത്ര വര്‍ഗ്ഗങ്ങൾക്കിടയിൽ ഇത്തരത്തിൽ ദത്തെടുക്കലുകൾ അനുവദിക്കപ്പെടാറുണ്ട്.
തീവ്രവാദികൾ ഭാര്യയോടൊപ്പമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. ഭാര്യയെ പിന്നീട് മോചിപ്പിച്ചു. നേപ്പാളിൽ ജോലി ചെയ്യുന്ന മയാങ്ലംബം ഋഷികാന്ത സിംഗ് കലാപത്തിന് ശേഷം ഭാര്യയെ കാണാൻ എത്തിയതായിരുന്നു. കാലപത്തിന് ശേഷം അവരുടെ ഗ്രാമത്തിലേക്ക് എത്താൻ കഴിയാത്ത നിസ്സഹായതയിലായിരുന്നു. കുക്കി സംഘടകളിൽ നിന്നും അനുമതി സംഘടിപ്പിച്ചാണ് തിരികെ എത്തിയത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്യുന്നു. പക്ഷെ തീവ്രവാദ ഗ്രൂപ്പുകൾ ക്രമേണ വിവരം അറിഞ്ഞെത്തി.
കൊലപാതകത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി.ആയുധധാരികൾ വെടിവയ്ക്കുന്നതിന് മുമ്പ് സിംഗ് കൈകൾ കൂപ്പി ജീവനുവേണ്ടി യാചിക്കുന്നതായി കാണിക്കുന്ന വീഡിയോയാണ്.
ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് നാറ്റ്ജാങ് ഗ്രാമത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പുലർച്ചെ1.30ഓടെ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് കൊണ്ടുവന്നു.
ഇത്തരം സംഭവങ്ങൾ സംഘര്‍ഷഭരിതമായ മണിപ്പൂരിൽ വീണ്ടും അസ്വസ്ഥത വര്‍ധിപ്പിക്കയാണ്.തട്ടിക്കൊണ്ടുപോയവർ സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (SoO)കരാറിൽ ഒപ്പുവെക്കാത്ത യുണൈറ്റഡ് കുക്കി നാഷണൽ ആർമി(UNKA)അംഗങ്ങളാണെന്ന്പൊലീസ് സംശയിക്കുന്നു.
2023മെയ് മാസത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുക്കികളും മെയ്തികളും പരസ്പരം തങ്ങളുടെ ഗ്രമമല്ലാത്ത പ്രദേശങ്ങളിലേക്ക് പോകാറില്ല. ഇംഫാൽ താഴ് വരയും ചുറ്റുമുള്ള ഗോത്ര വര്‍ഗ്ഗങ്ങൾ താമസിക്കുന്ന പര്‍വ്വത പ്രദേശങ്ങളും തികച്ചും വിഭജിക്കപ്പെട്ട സാഹചര്യം തുടരുന്നു.
മണിപ്പൂര്‍ കലാപത്തിൽ260-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഗോത്രങ്ങളെല്ലാം പരസ്പരം ദൂരസ്ഥലങ്ങളിലായി വിഭജിക്കപ്പെട്ട അവസ്ഥയാണ്.തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട ഒരു കോടതി വിധിക്ക് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് സംസ്ഥാനം വഴുതിയത്. ഇതിനിടെ സംസ്ഥാനത്തെ ബിജെപി ഭരണ കൂടത്തിന്റെ വിഭജന തന്ത്രങ്ങളുടെ ഭാഗമായുള്ള നീക്കങ്ങൾ കലാപത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.
സംഘര്‍ഷത്തിന് അറുതിവരുത്തുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഭരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. പക്ഷേ, മെയ്തെ കുക്കി സോ തുടങ്ങിയ ഗോത്ര വിഭാഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത് മറികടക്കുന്നത് വെല്ലുവിളിയായി. നേരത്തെ ഒത്തിണക്കത്തോടെ കഴിഞ്ഞ ഗോത്രങ്ങളാണ് പരസ്പരം തീരാത്ത പ്രതികാരത്തോടെ ഏറ്റുമുട്ടുന്നത്. ഫെബ്രുവരിയിൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിന് കീഴിൽ എത്തിയിട്ട് ഒരു വർഷം പൂർത്തിയാകും.










0 comments