ad
Deshabhimani

മീററ്റ് കൊലപാതകം: പ്രതിയെ പൊലീസ് ഉദ്യോഗസ്ഥൻ ചുംബിക്കുന്ന ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്

meerut murder accused

പ്രതികളായ മുസ്കാൻ (27), സുഹൃത്ത് സാഹിൽ (25) എന്നിവർ

വെബ് ഡെസ്ക്

Published on Mar 31, 2025, 12:42 PM | 1 min read

ലഖ്നൗ: ഉത്തർ‌പ്രദേശിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ ചുംബിക്കുന്ന ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. ബ്രഹ്മപുരി ഇന്ദ്രന​ഗർ സ്വ​ദേശിയായ സൗരഭ് രജ്പുതിന്റെ (29) കൊലപാതകത്തിൽ സൗരഭിന്റെ ഭാര്യ മുസ്കാൻ (27), സുഹൃത്ത് സാഹിൽ (25) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. യൂണിഫോമിലുള്ള പൊലീസ് ഇൻസ്‌പെക്ടർ പ്രതിയായ മുസ്കാനെ ചുംബിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന എഐ-നിർമ്മിത ഡീപ്ഫേക്ക് വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പ്രചരിപ്പിച്ചയാൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.


അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ഡീപ്ഫേക്ക് വീഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മീററ്റ് എസ്പി ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇൻസ്റ്റാഗ്രാം ഐഡിക്കെതിരെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് മീററ്റിലെ ബ്രഹ്മപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 75,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മുസ്‌കന്റെയും സുഹൃത്ത് സാഹിലിന്റെയും നിരവധി എഐ നിർമിത വീഡിയോകളുള്ളതായി കണ്ടെത്തി.


മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ സൗരഭിനെ ഈ മാസം നാലിനാണ് പ്രതികൾ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് സൗരഭ് നാട്ടിലെത്തിയത്. ഉറക്ക​ഗുളിക ഭക്ഷണത്തിൽ കലർത്തി നൽകി മയക്കിയ ശേഷം മുസ്കാനും സാഹിലും സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചു. വെള്ളം എത്തിക്കാനുപയോ​ഗിക്കുന്ന തരത്തിലുള്ള വലിയ വീപ്പയിൽ മൃതദേഹ ഭാ​ഗങ്ങൾ സിമന്റിട്ട് മൂടി. തുടർന്ന് വീപ്പ സൗരഭിന്റെ വാടക ഫ്ലാറ്റിൽ ഉപേക്ഷിച്ച ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു.


വീട്ടിൽ നിന്നും ദുർ​ഗന്ധമുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാ​ഗങ്ങൾ കണ്ടെത്തിയത്. 2016ലാണ് സൗരഭും മുസ്കാനും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും ഇന്ദ്രാന​ഗറിലെ വാടക ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകളുണ്ട്. കൊലപാതകവിവരം പുറത്തറിയാതിരിക്കാനായി മുസ്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ സൗരഭിനെ ഫോൺ ചെയ്തിട്ട് എടുക്കാഞ്ഞതിനെത്തുടർന്നാണ് ബന്ധുക്കൾ സംശയം തോന്നി പരാതി നൽകുകയായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home